കോട്ടയം: നവ് യുഗ് ചിൽഡ്രൻസ് തിയേറ്റർ ആൻഡ് മൂവി വില്ലേജിന്റെയും ചിത്രദർശന ഫിലിം സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ കുട്ടികളുടെ ചലച്ചിത്രമേള 13 മുതൽ 15 വരെ ദർശന ഓഡിറ്റോറിയത്തിൽ നടക്കും. വിദേശ - സ്വദേശ ചിത്രങ്ങൾ അടക്കം 12 സിനിമകളാണ് പ്രദർശിപ്പിക്കുക. ഒരു ദിവസം നാലു സിനിമകൾ പ്രദർശിപ്പിക്കും. രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ചു വരെയാണ് മേള. ജപ്പാൻ, കൊറിയ, ഇറാൻ, അമേരിക്ക, കാനഡ, ന്യൂസിലൻഡ്, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തുക. മികച്ച ബാലനടിയ്ക്കുള്ള പുരസ്‌കാരം നേടിയ അഭിന ആദി മുഖ്യാതിഥിയായിരിക്കും. തിരക്കഥാകൃത്തുക്കളായ ബോബി - സഞ്ജയ് എന്നിവർ പങ്കെടുക്കും. 15 ന് വൈകിട്ട് ആറിന് എൻ.എൻ പിള്ള ജന്മശതാബ്ദിയുടെ ഭാഗമായി നവയുഗ് ചിൽഡ്രൻസ് തീയറ്ററിൽ അന്താരാഷ്ട്ര സസ്യസമ്മേളം എന്ന എൻ.എൻ പിള്ളയുടെ കുട്ടികളുടെ നാടകം അവതരിപ്പിക്കും. ചലച്ചിത്ര സംവിധായകൻ ജോഷി മാത്യു ചലച്ചിത്രോത്സവത്തിന്റെ ഫെസ്റ്റിവൽ ഡയറക്ടറാവും. തേക്കിൻകാട് ജോസഫ്, ദർശന ഡയറക്ടർ ഫാ.എമിൽ പുള്ളിക്കാട്ട്, ആർട്ടിസ്റ്റ് സുജാതൻ, ചിത്രകാരൻ മാത്യൂസ് ഓരത്തേൽ, ജേക്കബ് പണിക്കർ, ബിനോയ് വേളൂർ, രാജി അശോക്, സോമൂ മാത്യു എന്നിവരടങ്ങുന്നതാണ് ഫെസ്റ്റിവൽ കമ്മിറ്റി.