പാലാ : നേരം വെളുക്കും വരെ സന്ധ്യ ജി.നായർ മുത്തോലി പഞ്ചായത്ത് പ്രസിഡന്റെന്ന് യു.ഡി.എഫിൽ ധാരണ. വെട്ടം വീണപ്പോൾ പ്രസിഡന്റായി ജിസ് മോൾ തോമസ് വരുന്നൂവെന്ന അറിവ്. ഒറ്റ രാത്രി കൊണ്ട് മാണി ഗ്രൂപ്പിനെ വെട്ടി പ്രസിഡന്റ് പദം നേടിയതിന്റെ ത്രില്ലിലാണ് കോൺഗ്രസെങ്കിൽ, സ്ഥാനം പോയതിന്റെ ഞെട്ടലിലാണിപ്പോഴും മാണി ഗ്രൂപ്പുകാർ. എല്ലാം സഹിക്കുന്നതാകട്ടെ പാലാ ഉപതിരഞ്ഞെടുപ്പിന് വേണ്ടിയും.
മുൻധാരണ പ്രകാരം മാണി ഗ്രൂപ്പിലെ സന്ധ്യാ ജി. നായർക്കായിരുന്നു പ്രസിഡന്റ് പദവി ലഭിക്കേണ്ടത്. യു.ഡി.എഫ് പഞ്ചായത്തംഗങ്ങളുടെ പാർലമെന്ററി പാർട്ടി യോഗം പേര് ഉറപ്പിക്കുകയും ചെയ്തു. ഞായറാഴ്ച അർദ്ധരാത്രിയോടെ ഉന്നത കോൺഗ്രസ് നേതാവിന്റെ ഫോൺ കാൾ കേരളാ കോൺഗ്രസ് നേതാവിനെ തേടിയെത്തി. സന്ധ്യയെ പ്രസിഡന്റാക്കരുത്, പകരം കോൺഗ്രസിലെ ജിസ് മോളെ തിരഞ്ഞെടുക്കണം. പാർലമെന്ററി പാർട്ടി തീരുമാനമൊക്കെ പറഞ്ഞു നോക്കിയെങ്കിലും കോൺഗ്രസ് ഉന്നതൻ വഴങ്ങിയില്ല. രാവിലെ ക്ഷേത്ര ദർശനവും കഴിഞ്ഞ് പ്രസിഡന്റാകാൻ പഞ്ചായത്ത് ഓഫീസിലേക്കിറങ്ങാൻ തുടങ്ങുമ്പോഴാണ് സന്ധ്യയും, കേരള കോൺഗ്രസ് നേതാവായ ഭർത്താവ് രൺദീപും പുതിയ തീരുമാനമറിഞ്ഞത്. ഇതോടെ ഇരുവരും തിരികെ വീട്ടിൽ കയറി. തിരഞ്ഞെടുപ്പ് യോഗ സ്ഥലത്തേക്ക് സന്ധ്യ പോയില്ല. ആറ് മാസം കഴിയുമ്പോൾ സന്ധ്യക്ക് പ്രസിഡന്റ് പദവി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സൂചന.