കോട്ടയം : അത്തം പിറന്നതോടെ പൂക്കളുടെ വിപണിയും സജീവമായി. പൂക്കളമൊരുക്കി ഓണത്തപ്പനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് എല്ലാവരും. പ്രധാന ടൗണുകളിലെല്ലാം വിവിധങ്ങളായ പൂക്കളുമായി കച്ചവടക്കാർ രംഗത്തെത്തിക്കഴിഞ്ഞു. ജമന്തി, ചെണ്ടുമല്ലി, വാടാ മല്ലി, റോസ്, അരളി എന്നിവയുടെയെല്ലാം വിവിധ തരത്തിലും നിറത്തിലുമുള്ള പൂക്കൾ വിപണിയിലുണ്ട്. മുൻ വർഷങ്ങളേക്കാൾ വില കൂടുതലാണെന്ന പരാതിയുണ്ട്. കഴിഞ്ഞ വർഷം പ്രളയം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഈ മേഖലയ്ക്ക് ഉണ്ടാക്കിയത്.
ഓണഭംഗി കെടുത്താനെന്നോണം മഴ ഇടയ്ക്കിടെ പെയ്യുന്നത് ആശങ്ക പരത്തുന്നുണ്ട്. പൂക്കളങ്ങൾ മഴ അലങ്കോലമാക്കുമോ എന്ന ആശങ്കയുമുണ്ട്. മഴയിൽ നിന്ന് പൂക്കളങ്ങളെ കാക്കാൻ പന്തലൊരുക്കിയാണ് വർണം നിറയ്ക്കുന്നത്. മാനം കറുക്കുമ്പോൾ കച്ചവടക്കാരുടെയും വഴിയോര കച്ചവടക്കാരുടെയും നെഞ്ചിടിക്കുകയാണ്.
പൂക്കൾ വാങ്ങി അത്തപ്പൂക്കളമിടുന്ന പ്രവണത കുറഞ്ഞതും വിപണിയെ തളർത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഓണം ലക്ഷ്യമിട്ട് മൂന്നും നാലും ലക്ഷം രൂപയുടെ പൂക്കൾ ബുക്ക് ചെയ്തിരുന്ന കച്ചവടക്കാർക്ക് കനത്ത നഷ്ടമാണ് സംഭവിച്ചത്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വലിയ തിരക്കില്ലെന്ന് പൂ വിപണിയിൽ ഇല്ലെന്ന് വ്യാപാരികൾ പറയുന്നു. ചിങ്ങമാസം കല്യാണസീസൺ കൂടിയായതാണ് കച്ചവടക്കാർക്ക് ആശ്വാസം.
ഇത്തവണത്തെ മഴക്കെടുതിയും പൂക്കളുടെ വില കൂടാൻ കാരണമായിട്ടുണ്ട്. വയനാട്, മൈസൂർ, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പ്രധാനമായും പൂക്കൾ എത്തുന്നത്. വെള്ളം കയറിയതോടെ കൃഷി നശിച്ചു. ഗതാഗതവും തടസമായി. ഇത് പൂക്കൾ എത്തിക്കുന്നതിന് തടസമായി.
മുല്ലപൂവിന് കിലോ 1500
വിപണിയിൽ മുല്ലപ്പൂവിന്റെ വില കിലോയ്ക്ക് 1500 മുതൽ 1800 രൂപ വരെയാണ്. ഒരു മുഴത്തിന് 50 മുതൽ 90 വരെയാകും വില. ഓണത്തിന് പുറമേ വിവാഹം കൂടുതൽ നടക്കുന്ന സമയം കൂടിയാണിപ്പോൾ. മുല്ല മൊട്ടുകൾക്കും ഇതേ വിലയാണ്.
പൂക്കളുടെ വില
(കിലോ കണക്കിൽ)
ബന്തി : 130 രൂ
ജമന്തി : 260 - 290
വാടാമല്ലി :190-290
അരളി : 240
റോസ് : 200 - 300
ചെണ്ടുമല്ലി : 200 - 40