ഏഴായിരം വോട്ട് തികച്ച് കിട്ടാതിരുന്ന പാലായിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അത് കാൽലക്ഷം വോട്ടുകളാക്കി മാറ്റിയ ജില്ലാ പ്രസിഡന്റ് എൻ.ഹരിയെ വീണ്ടും മത്സരിപ്പിക്കുമ്പോൾ വിജയത്തിൽക്കുറഞ്ഞതൊന്നും ബി.ജെ.പിയുടെ മനസിലില്ല. വികസന വിഷയങ്ങൾക്കൊപ്പം ശബരിമലയടക്കമുള്ള വിശ്വാസ വിഷയങ്ങളും വീണ്ടും ചർച്ചയാക്കും. മൂന്ന് വർഷമായി കോട്ടയത്ത് പാർട്ടിയെ നയിക്കുന്ന എൻ.ഹരി മാസങ്ങളായി മണ്ഡലത്തിൽ സജീവമാണ്. പി.സി.തോമസ് അടക്കമുള്ള സീനിയർ നേതാക്കളുടെ പേരുകൾ ചർച്ചയായപ്പോഴും ഹരിയെ മത്സരിപ്പിക്കാൻ നേതൃത്വം തീരുമാനിച്ചതും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന വിശ്വാസം കൊണ്ടുകൂടിയാണ്.
ബി.ജെ.പിയുടെ വിജയ പ്രതീക്ഷ എത്രമാത്രമുണ്ട് ?
പാലായിൽ ഇക്കുറി ബി.ജെ.പി വിജയിക്കും. മുന്നണി രാഷ്ട്രീയത്തിലെ കൊള്ളരുതായ്മകൾ കണ്ടുമടുത്ത പാലാക്കാർ ഇക്കുറി മാറി ചിന്തിക്കുമെന്ന ഉറച്ച വിശ്വാസമാണ് ഞങ്ങൾക്ക്. കേരളാ കോൺഗ്രസിലെയും എൻ.സി.പിയിലെയും പ്രശ്നങ്ങൾ വഷളാവുകയാണ്. പാലായിൽ ഗണ്യമായി വോട്ട് വർദ്ധിക്കുന്നത് ബി.ജെ.പിക്ക് മാത്രമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കാൽലക്ഷം വോട്ട് ലഭിച്ചെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പായപ്പോൾ രണ്ടായിരത്തോളം വോട്ടുകൾ കൂടി . ഇടതുപക്ഷവുമായി കേവലം ആറായിരം വോട്ടുകളുടെ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് ഞങ്ങൾ വിജയിക്കുമെന്ന് ഉറപ്പിച്ചു പറയുന്നത്.
എന്തൊക്കെ വിഷയങ്ങളാണ് ബി.ജെ.പി മുന്നോട്ടു വയ്ക്കുന്നത്?
കേന്ദ്രസർക്കാരിന്റെ വികസന പദ്ധതികളും, വിശ്വാസവിഷയങ്ങളും, സംസ്ഥാന സർക്കാരിന്റെ വികസന വിരുദ്ധതയുമൊക്കെ ചർച്ചയാക്കും. നരേന്ദ്രമോദി സർക്കാരിന്റെ പ്രധാന പദ്ധതികളുടെ ഗുണം നേരിട്ട് അനുഭവിച്ചിട്ടുള്ളവരാണ് പാലാക്കാർ. പ്രധാനമന്ത്രി കൃഷി സമ്മാൻ നിധി ആയാലും ഉജ്ജ്വൽ യോജന ആയാലും ആവാസ് യോജനയായാലും അതിന്റെ പ്രയോജനം ലഭിച്ചവർ പാലായിൽ ഏറെയുണ്ട്. ശബരിമല സ്ത്രീപ്രവേശനം മാത്രമല്ല ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട വിഷയവും ചർച്ചയാകും. യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട സമരങ്ങളിൽ മുൻകൈയെടുത്തതും ജയിൽവാസം അനുഭവിച്ചതും ഏറെയും പാലാക്കാരാണ്.
ബി.ജെ.പിയുടെ വികസന നയം?
അരനൂറ്റാണ്ടിലേറെ പാലായെ കെ.എം.മാണി പ്രതിനിധീകരിച്ചപ്പോൾ വികസനം നഗരത്തിന് അപ്പുറത്തേക്ക് പോയില്ല. വികസനമെന്നത് റോഡുകളും കെട്ടിടങ്ങളും മാത്രമായി ചുരുങ്ങി. പാലാ ജനറൽ ആശുപത്രിയിൽ നല്ലൊരു ലാബില്ല, കുടിവെള്ളമില്ല. വിവിധ പഞ്ചായത്തുകളിൽ വീട് പോലുമില്ലാത്ത നൂറുകണക്കിന് പട്ടികജാതി വിഭാഗങ്ങൾ ദുരിതത്തിലാണ്. പാലായിൽ നിരവധി അനധികൃത പാറമടകൾ പ്രകൃതിയെ ചൂഷണം ചെയ്യുകയാണ്. ഉരുൾപൊട്ടൽ ഭീഷണിയുള്ള നിരവധി പഞ്ചായത്തുകൾ പാലാ മണ്ഡലത്തിലുണ്ട്. അതുകൊണ്ട് തന്നെ പ്രകൃതിക്ക് എതിരാകാത്ത സമഗ്ര വികസനമാണ് ലക്ഷ്യം. പരമാവധി കേന്ദ്രഫണ്ട് എത്തിക്കാനുള്ള ശ്രമങ്ങളുണ്ടാകും.
സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയില്ലേ?
ദേശീയ പാർട്ടിയെന്ന നിലയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പേര് പ്രസിദ്ധീകരിക്കേണ്ടത്. അങ്ങനെ വന്ന കാലതാമസമാണ്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരുക്കങ്ങൾ ബി.ജെ.പി മാസങ്ങൾക്ക് മുൻപേ തുടങ്ങിയിരുന്നു. വോട്ടർപട്ടികയിലെ പേര് ചേർക്കലുമായി പ്രവർത്തകരും സജീവമായിരുന്നു.
ഘടക കക്ഷികളുടെ പിന്തുണ?
ബി.ഡി.ജെ.എസ്, കേരളാ കോൺഗ്രസ്, ജനപക്ഷം പ്രവർത്തകരുടെ പൂർണ പിന്തുണയുണ്ട്. പി.സി തോമസും പി.സി ജോർജും അടക്കമുള്ള നേതാക്കൾ രണ്ട് ദിവസമായി മണ്ഡലത്തിൽ സജീവമാണ്. ജനപക്ഷത്തിന് സ്വാധീനമുള്ള തലനാട്, മൂന്നിലവ് പഞ്ചായത്തുകൾ പാലാ മണ്ഡലത്തിലാണ്. പി.സി. തോമസിന്റെ വ്യക്തിബന്ധവും ഗുണമാകും.
റബർ കർഷകർ ഏറെയുള്ള മണ്ഡലം കൂടിയാണ് പാലാ?
ആസിയാൻ കരാറിന് ശേഷമുണ്ടായ പ്രശ്നങ്ങളാണ് റബർ മേഖലയുടെ വിലയിടിവിന് കാരണം. പരമാവധി റബർ ഇറക്കുമതി ചെയ്ത് കർഷകരെ ദുരിതത്തിലാക്കിയത് മുൻ കേന്ദ്രമന്ത്രി പി.ചിദംബരമാണ്. മോദി സർക്കാർ അധികാരമേറ്റതിന് ശേഷം റബർ കർഷകരോട് അനുഭാവ പൂർണമായ സമീപനമാണ് പുലർത്തുന്നത്. ഇറക്കുമതി ചുങ്കം വർദ്ധിപ്പിച്ചത് കേന്ദ്രസർക്കാരാണ്. റബറിനെ കാർഷിക വിളയായി മാറ്റുന്നത് പരിഗണിക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നാൽ സംസ്ഥാന സർക്കാർ റബർ കർഷകരെ വഞ്ചിക്കുകയാണ്. വിലസ്ഥിരതാ ഫണ്ട് യഥാസമയം വിതരണം ചെയ്യുന്നില്ല.
എതിർ സ്ഥാനാർത്ഥികളെ എങ്ങനെ കാണുന്നു?
രണ്ട് സ്ഥാനാർത്ഥികളുടെയും ശക്തി കുറച്ചു കാണുന്നില്ല. തുടർച്ചയായി പരാജയപ്പെട്ടതുകൊണ്ട് പാലായിലുള്ളവർക്ക് തന്നോട് സഹതാപമുണ്ടെന്ന് മാണി സി. കാപ്പൻ പറയുന്നതിൽ അർത്ഥമില്ല. എത്ര എതിർപ്പ് മറികടന്നാണ് രണ്ട് സ്ഥാനാർത്ഥികളും എത്തിയതെന്ന് വ്യക്തമാണല്ലോ? രണ്ട് കൂട്ടരെയും കുറച്ചു കാണുന്നില്ല, എന്നാൽ സഹതാപ തരംഗം എന്നൊന്നില്ല.
എൻ.ഹരി
കോട്ടയം പള്ളിക്കത്തോട് തെക്കേപ്പറമ്പിൽ നാരായണൻ നായർ -സരസമ്മ ദമ്പതികളുടെ മകനായ എൻ.ഹരി എ.ബി.വി.പിയിലൂടെയാണ് രാഷ്ട്രീയ രംഗത്ത് എത്തുന്നത്. യുവമോർച്ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു. 2005 മുതൽ തുടർച്ചയായി പത്തുവർഷം പള്ളിക്കത്തോട് പഞ്ചായത്ത് അംഗമായി. മൂന്ന് വർഷമായി ബി.ജെ.പി ജില്ലാ പ്രസിഡന്റാണ്. പഴയ വാഴൂർ മണ്ഡലത്തിൽ നിന്ന് നിയസഭയിലേക്ക് ജനവിധി തേടിയിട്ടുണ്ട്. ഭാര്യ -സന്ധ്യ. മക്കൾ -അമൃത,സംവൃത