ചങ്ങനാശരി: കെ.എസ്.ആർ.ടി.സി ചങ്ങനാശരി ഡിപ്പോയിലെ അശാസ്ത്രീയമായ സർവീസ് വെട്ടിച്ചുരുക്കൽ യാത്രക്കാരെ വല്ലാതെ വെട്ടിലാക്കി. കിഴക്കൻ മേഖലയിലേയ്ക്കുള്ള സർവീസുകൾ അട്ടിമറിക്കാൻ ശ്രമിക്കുന്നതായുള്ള പരാതി നിലനിൽക്കെയാണ് അധികൃതരുടെ പുത്തൻ നടപടി.
ദീർഘദൂര ടേക്ക് ഓവർ ഫാസറ്റ് പാസഞ്ചർ സർവീസുകളും മികച്ച വരുമാനമുണ്ടായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ്, ഓർഡിനറി ബസുകളും നിർത്തലാക്കിയതോടെ കിഴക്കൻ മേഖലയാകെയുള്ള സർവീസുകൾ താറുമാറായത്. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം കോർപ്പറേഷന് അനുവദിച്ചു കിട്ടിയ ടേക്ക് ഓവർ സർവീസുകൾ മുടക്കമില്ലാതെ നടത്താനുള്ള ചുമതല ഉണ്ടെന്നിരിക്കെയാണ് അധികൃതർ കടുത്ത നടപടിയിലേയ്ക്ക് പോയത്.
ചങ്ങനശേരി ഡിപ്പോയിൽ നിന്ന് ഉച്ചകഴിഞ്ഞ് 2.10 നുള്ള കട്ടപ്പന-പൊന്നാമല , വൈകുന്നേരം 4.10 നുള്ള കട്ടപ്പന-മാവടി ടേക്ക് ഓവർ സർവീസുകൾ നിർത്തലാക്കിയിട്ട് ആഴ്ചകളായി. കുമളിയിലേക്കുള്ള രാവിലെ 6.45 ന്റെ ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, വൈകിട്ട് നാലിനുള്ള മുണ്ടക്കയം, രാവിലെ 11 നുള്ള കുമളി, വൈകിട്ട് 4.30 നുള്ള കട്ടപ്പന, രാത്രി 9.30 നുള്ള പൊൻകുന്നം എന്നിവയൊന്നും ഇപ്പോൾ സർവീസ് നടത്തുന്നില്ല. ഇതോടെ കറുകച്ചാൽ, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, ഏലപ്പാറ, നെടുങ്കണ്ടം, മാവടി, പൊന്നാമല, കുട്ടിക്കാനം, വണ്ടിപ്പെരിയാർ, കുമളി, ബാലൻപിള്ള സിറ്റി,കൊച്ചറ തുടങ്ങിയ പ്രദേശങ്ങളിലേയ്ക്കുള്ള യാത്രക്കാർ വഴിയാധാരമായി.
കിഴക്കൻ റൂട്ടുകളിൽ സർവീസ് നടത്തിയിരുന്ന ബസുകളിൽ പലതും ഇപ്പോൾ ആലപ്പുഴയ്ക്കും മറ്റും തിരിച്ചുവിട്ടിരിക്കുകയാണ്.
കട്ടപ്പനയിലേക്ക് സർവീസ് നടത്തിവന്നിരുന്ന ബസിന്റെ സ്റ്റിക്കർ പോലും മാറ്റാതെയാണ് റൂട്ടുകളിലേക്ക് വഴിമാറ്റപ്പെട്ടത്.
ചീഫ് ഓഫീസിൽ നിന്ന് കട്ടപ്പനയിലേയ്ക്ക് ചെയിൻ സർവീസ് നടത്താൻ അനുമതി ലഭിച്ചിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ല.
ഇതെല്ലാം സ്വകാര്യ ബസ് ലോബിയുമായുള്ള ഒത്തുകളിയാണെന്നാണ് യാത്രക്കാരുടെ ആരോപണം.
നല്ല വരുമാനമുള്ള കിഴക്കൻ സർവീസുകൾ തിരിച്ചുവിട്ട് സ്വകാര്യ ബസുകൾക്ക് വൻ ലാഭമുണ്ടാക്കി കൊടുക്കുന്ന സർവീസ് ക്രമീകരണമാണ് ചങ്ങനാശേരി ഡിപ്പോയിൽ നടക്കുന്നതെന്നും അവർ പറയുന്നു. എന്നാൽ, ആവശ്യത്തിന് ബസില്ലെന്നാണ് ഇക്കാര്യത്തിൽ അധികൃതർ നിരത്തുന്ന ന്യായം. പക്ഷെ, നൂറ് കണക്കിന് ബസുകൾ വിവിധ ഡിപ്പോകളിൽ നിന്നായി സർവീസ് നടത്തുന്ന ആലപ്പുഴയ്ക്ക് സ്വന്തം പ്രദേശത്ത് യാത്രാദുരിതം വിതച്ച് കൂടുതൽ സർവീസുകൾ നടത്തണമോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
മാറ്റത്തിൽ വലഞ്ഞ്
യാത്രക്കാർ
കെ.എസ്.ആർ.ടി.സി അധികൃതരുടെ പുത്തൻ പരിഷ്ക്കാരത്തിൽ വലയുന്നത് നൂറ് കണക്കിന് യാത്രക്കാരാണ്. പലർക്കും കൃത്യസമയത്ത് ഓഫീസുകളിലെത്താനോ തിരികെ വീട്ടിലെത്താനോ കഴിയുന്നില്ല. അതിനാൽ സ്വകാര്യ ബസുകളെ ആശ്രയിക്കാൻ ഇവർ നിർബന്ധിതരാവുകയാണ്. അതുകൊണ്ടുതന്നെ
വർഷങ്ങളായി ചങ്ങനാശേരി ഡിപ്പോ അധികൃതർക്ക് സ്വകാര്യന്മാരുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് സർവീസ് പരിഷ്‌കരണത്തിലൂടെ ഒരിക്കൽ കൂടി മറനീക്കിപുറത്തുവന്നിരിക്കുകയാണ്.