ചങ്ങനാശേരി: മുതിർന്നവരുടെ ഓണം ഒാർമ്മകളിൽ ആവേശച്ചൂരു പകർന്ന് വീണ്ടും പകിടകളുരുളുന്നു. മുൻപൊക്കെ ഗ്രാമങ്ങളുടെ മുക്കിലും മൂലയിലും നാലാളുകൾ കൂടുന്നിടത്തെ പതിവുകാഴ്ച്ചയായിരുന്നു പകിടകളി സംഘങ്ങൾ. എന്നാൽ പുതുതലമുറയ്ക്ക് ഇതത്ര പരിചിതമല്ല.
പകിട തിരുമ്മി കളത്തിലെറിയുന്നത് കാണാൻ തന്നെ ഒരു ചന്തമാണ്. കുത്തിയിരുന്ന് അല്പം പിന്നോട്ട് ആഞ്ഞ് പകിട മുന്നോട്ട് നീട്ടിയെറിഞ്ഞ് പറയുന്ന അക്കം കളത്തിൽ വീഴ്ത്തണം. കൃത്യമായ പരിശീലനമുണ്ടെങ്കിലേ അതിനു കഴിയൂ. കുറിച്ചിയിലെ വർഗീസ്, ജോട്ടി, രാധാകൃഷ്ണകുറുപ്പ്, അനിയച്ചൻ, രാഘവൻ, കുട്ടപ്പൻ എന്നിവരൊക്കെ പകിടയേറിലെ തലമുതിർന്ന ആശാൻമാരാണ്. പകിടകളി മത്സരം പുതിയ തലമുറയിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇക്കുറി പകിടകളിപ്രേമികൾ.
ഈ വർഷത്തെ ഓണാഘാഷ പരിപാടിയുടെ ഭാഗമായി കുറിച്ചി മോസ്‌കോയിൽ പകിടകളി ടൂർണ്ണമെന്റ് സംഘടിപ്പിച്ചിട്ടുണ്ട്. കോട്ടയം, ആലപ്പുഴ ജില്ലകളിലെ 32 ടീമുകൾ മത്സരത്തിനുണ്ടാകും. തിരുവോണ ദിവസമാണ് ഫൈനൽ.
പകിടകളി നിയമം
നാല് ആളുകൾ തണ്ടികളായി ഇരുന്നുകൊണ്ടാണ് പകിട കളിക്കുന്നത്. ഒരു ടീമിൽ ഈരണ്ട് അംഗങ്ങൾ . പകിടയിൽ 1 മുതൽ ആറുവരെയുള്ള എണ്ണങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. അത്തരത്തിലുള്ള രണ്ട് പകിടകൾ ഉപയോഗിച്ചാണ് കളിക്കുന്നത്. എണ്ണങ്ങൾ 1, 6, 4, 3 എന്നിവയാണ്. മത്സരത്തിന്റെ ഭാഗമായി കണ്ണ് കളിക്കുന്ന ആൾക്കാണ് (അഥവാ ഒന്ന് ) കളത്തിൽ കരുക്കൾ നീക്കുവാനുള്ള അവകാശം . കണ്ണെറിഞ്ഞ് രണ്ടു ടീമുകളും കളത്തിലേറിക്കഴിഞ്ഞാൽ പിന്നെ ടീമുകൾ കൊണ്ടും കൊടുത്തും വെട്ടിയും മുന്നേറുമ്പോൾ കളത്തിൽ യുദ്ധസമാനമായ അന്തരീക്ഷം രൂപപ്പെടുകയാണ്.
കളിത്തട്ട്
കളിത്തട്ട് 9-ാം കളം, 7-ാം കളം എന്നീ ക്രമത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു. അങ്ങനെ കണ്ണുകളിച്ചു കേറുന്ന അംഗങ്ങൾ തമ്മിൽ മത്സരിച്ച്, പരസ്പരം വെട്ടിമുന്നേറി കളത്തിന്റെ മദ്ധ്യത്തിൽ എത്തിച്ചേരുന്നു. ഇതിനെ പകിടകളിയുടെ ഭാഷയിൽ പഴുക്കുക എന്നാണ് പറയുന്നത്. പിന്നീട് പകിട ഉരുട്ടി കണ്ണുകൾ അഥവാ നമ്പർ വീഴുന്നതിന്റെ അടിസ്ഥാനത്തിലാണ് വിജയം. ആദ്യ 4 കായ്കൾ എടുക്കുന്ന ടീം വീജയിയാ
കും.
'നമ്മുടെ നാട്ടിൽ നിന്നും അന്യം നിന്നുപോകുന്ന ഈ കായിക മൽസരത്തെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത്. മത്സരം കാണുന്നതിനും ടീമുകളെ പ്രോത്സാഹിപ്പിക്കുന്നതിനും നൂറുകണക്കിന് ആളുകൾ പ്രായഭേദമന്യേ കളത്തിലെത്തുന്നുണ്ട്."
വി. ആർ രാജേഷ് , മുഖ്യസംഘാടകൻ,
പകിടകളി ടൂർണ്ണമെന്റ് ,മോസ്‌കോ