കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിന്റെ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കാനിരിക്കെ, രണ്ടില ചിഹ്നം അനുവദിക്കില്ലെന്ന് വെടി പൊട്ടിച്ച പി.ജെ. ജോസഫ് പാലം വലിക്കുമോയെന്ന ആശങ്ക യു.ഡി.എഫിനെ പിടിച്ചുലയ്‌ക്കുന്നു.
ചിഹ്നം കൊടുക്കില്ലെങ്കിലും പ്രചാരണത്തിന് ഇറങ്ങുമെന്ന് ജോസഫ് വ്യക്തമാക്കിയെങ്കിലും താൻ തോറ്റാൽ ജോസഫ് അടക്കമുള്ള നേതാക്കളായിരിക്കും ഉത്തരവാദികളെന്ന് സ്ഥാനാർത്ഥി ജോസ് ടോമും തിരിച്ചടിച്ചതോടെ പാലം വലി മണത്തു തുടങ്ങി.കേരള കോൺഗ്രസിന് ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ലാത്തതിനാൽ സ്വതന്ത്രനായ ജോസ് ടോമിന് ചിഹ്നം അനുവദിക്കുന്നതിന് അദ്ദേഹത്തിന്റെ പത്രികയിൽ ഒപ്പുവയ്‌ക്കില്ലെന്നാണ് പി.ജെ. ജോസഫിന്റെ പ്രഖ്യാപനം. ജോസ് കെ. മാണിയാണ് ചെയർമാനെന്നും ചിഹ്നം ആവശ്യമില്ലെന്നും പറയുന്ന സ്ഥാനാർത്ഥിക്ക് താനെന്തിന് ചിഹ്നം അനുവദിക്കണമെന്നാണ് ജോസഫിന്റെ ചോദ്യം.
ജോസ് ടോം ഇന്ന് പത്രിക സമർപ്പിക്കും. കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായും സ്വതന്ത്രനായും രണ്ടു തരത്തിലുള്ള പത്രികകൾ നൽകാനും സമയപരിധി അവസാനിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് രണ്ടില ചിഹ്നം ആവശ്യപ്പെട്ട് കത്ത് നൽകാനുമാണ് ജോസ് കെ. മാണി വിഭാഗത്തിന്റെ പദ്ധതി. പത്രികാ സമർപ്പണത്തിന് മുമ്പ് ജോസഫിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ ആരംഭിച്ചിട്ടുണ്ട്. ജോസഫ് വഴങ്ങാതെ നിൽക്കുന്നതിനാലും ഘടകകക്ഷിയുടെ ആഭ്യന്തര പ്രശ്നമായതിനാലും തീരുമാനം അടിച്ചേല്പിക്കാനാവുന്നില്ല.ചിഹ്നത്തിന്റെ പേരിൽ ജോസഫുമായുള്ള പ്രശ്നം യു.ഡി.എഫ് ഇടപെട്ട് തീർക്കുമെന്നാണ് ജോസ് കെ. മാണി പ്രതീക്ഷ പ്രകടിപ്പിച്ചത്.
ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജോസ് പക്ഷം കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചെങ്കിലും ചിഹ്നം അനുവദിക്കാൻ പി.ജെ. ജോസഫിന്റെ അനുമതി വേണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കി. അതോടെയാണ് ജോസ് ടോം സ്വതന്ത്രനായി മത്സരിക്കേണ്ടി വരുമെന്ന ആശങ്ക ഉയർന്നതും, യു.ഡി.എഫ് നേതാക്കളെ പ്രശ്നത്തിൽ അടിയന്തരമായി ഇടപെടുവിക്കാൻ ശ്രമിച്ചതും.