കോട്ടയം: തെരുവുനായശല്യം പരിഹരിക്കാൻ എ.ബി.സി പ്രോജക്ട് മൂന്നാംഘട്ടം നടപ്പാക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ചേംബറിൽ ചേർന്ന യോഗം തീരുമാനിച്ചു.

നീണ്ടൂർ, തിരുവാർപ്പ്, കടപ്ലാമറ്റം, വെളിയന്നൂർ, പാറത്തോട്, വെള്ളാവൂർ , അകലക്കുന്നം, കിടങ്ങൂർ, കോരൂത്തോട് എന്നീ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലും കാഞ്ഞിരപ്പള്ളി, വാഴൂർ, പാമ്പാടി, മാടപ്പള്ളി, പള്ളം, കടുത്തുരുത്തി, വൈക്കം, ഉഴവൂർ എന്നീ ബ്ലോക്ക് പഞ്ചായത്ത് പ്രദേശങ്ങളിലും, വൈക്കം മുൻസിപ്പാലിറ്റിയിലുമാണ് മൂന്നാം ഘട്ടം ലക്ഷ്യമിട്ടിരിക്കുന്നത്. പിടികൂടുന്ന നായ്ക്കളെ ജില്ലയിലെ വന്ധ്യംകരണ കേന്ദ്രങ്ങളായ വാഴൂർ, പരിയാരം, കാഞ്ഞിരപ്പള്ളി, കടനാട്, വൈക്കം എന്നിവിടങ്ങളിൽ എത്തിക്കും.

അടുത്ത സാമ്പത്തിക വർഷം ജില്ലയിലെ മുഴുവൻ ഗ്രാമ - ബ്ലോക്ക് പഞ്ചായത്തുകളെയും, മുനിസിപ്പാലിറ്റികളെയും ഏകോപിപ്പിച്ചുകൊണ്ട് ജില്ലയിലെ തെരുവ് നായപ്രശ്‌നം പൂർണ്ണമായും പരിഹരിക്കാൻ ബൃഹത്തായ ഒരു കർമ്മപദ്ധതി ആവിഷ്‌കരിക്കാനും യോഗം തീരുമാനിച്ചു. ഇതിന് മുന്നോടിയായി സർവ്വേ നടത്താൻ മൃഗസംരക്ഷണ വകുപ്പിന് നിർദ്ദേശം നൽകി.