വടയാർ : വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിനെതിർവശത്തായി വാട്ടർ അതോറിട്ടിയുടെ ഓവർ ഹെഡ് വാട്ടർ ടാങ്ക് സ്ഥിതിചെയ്യുന്ന വളപ്പിലേക്കുള്ള കവാടത്തിലെ കുഴികൾ നാട്ടുകാർക്ക് ഭീഷണിയാകുന്നു. രണ്ട് വലിയ കുഴികളാണ് കവാടത്തിൽ തന്നെയുള്ളത്. വടയാർ മേഖലയ്ക്കും തലയാഴത്തേക്കും വെള്ളം തിരിച്ചുവിടുന്ന വാൽവുകളാണ് ഇതിനുള്ളിൽ. നാലടിയിലേറെ താഴ്ചയുള്ള തുറന്നു കിടക്കുന്ന കുഴികളിൽ എല്ലായ്‌പ്പോഴും വെള്ളം നിറഞ്ഞുകിടക്കും. കഴിഞ്ഞ പ്രളയത്തിൽ മതിൽ ഇടിഞ്ഞ് വീണ് ഇല്ലാതായതോടെ സമീപത്തെ വീടുകളിലെ കുട്ടികൾ അടക്കമുള്ളവർ പലപ്പോഴും എളുപ്പമാർഗ്ഗമെന്ന നിലയിൽ ഇതുവഴി കടന്നുപോകുന്നു. വെള്ളവും പുൽപടർപ്പുമെല്ലാമായി കുഴികൾ തിരിച്ചറിയാൻ കഴിയാതെ വരുന്നത് വൻ അപകടസാദ്ധ്യതയാണ് ഉയർത്തുന്നത്. കാലപ്പഴക്കത്താൽ ജീർണ്ണിച്ച് ഉപയോഗശൂന്യമായ ഗേറ്റിന് പകരം പുതിയത് വച്ചത് അടുത്തകാലത്താണ്. ഒരിക്കലും അടയ്ക്കാതെ തുറന്ന് മലർത്തിയിട്ടിരിക്കുന്ന ഗേറ്റിൽ നിറയെ വള്ളിപ്പടർപ്പുകളായിട്ടുണ്ട്. കുഴികൾ അപകടസാദ്ധ്യത ഇല്ലാത്തവിധം മൂടി സംരക്ഷിക്കണമെന്നും അല്ലാത്ത പക്ഷം ഗേറ്റ് പതിവായി അടച്ചിടണമെന്നുമാണ് ആവശ്യമുയരുന്നത്.
അപകട ഭീഷണിയുയർത്തി ജല സംഭരണിയും
ഇവിടെ മുൻകാലങ്ങളിൽ ശുദ്ധജലം സംഭരിച്ചു നിറുത്തിയിരുന്ന ടാങ്കും ജീർണ്ണിച്ച് അപകടാവസ്ഥയിൽ നിൽക്കുകയാണ്. ഇത് ഉപയോഗിക്കാനാവാതെ വന്നപ്പോൾ സമീപത്തുതന്നെ പുതിയസംഭരണി നിർമ്മിച്ചു. എന്നാൽ പഴയത് പൊളിച്ചുമാറ്റുന്ന കാര്യത്തിൽ നടപടിയൊന്നുമില്ല.