കോട്ടയം: സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ ചൂട് പിടിച്ച പാലായിൽ, പത്രികാ സമർപ്പണത്തിൻ്റെ അവസാന ദിനമായ ഇന്ന് യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികൾ ളാലം ബ്ളോക്ക് ഓഫിസീൽ പത്രിക സമർപ്പിക്കും. തിരഞ്ഞെടുപ്പിന് 20 ദിവസം ശേഷിക്കുമ്പോൾ പരമാവധി ആളുകളെ നേരിൽക്കണ്ട് വോട്ട് തേടാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ. സംസ്ഥാനത്ത് നടക്കുന്ന ഏക ഉപതിരഞ്ഞടുപ്പെന്ന നിലയിൽ വിവിധ കൺവെൻഷനുകളിൽ കേന്ദ്ര-സംസ്ഥാന നേതാക്കളുമെത്തും.
പത്രികാ സമർപ്പണത്തിനുള്ള സത്യവാംഗ്മൂലം തയ്യാറാക്കുന്ന തിരക്കിലായിരുന്നു ഇന്നലെ ജോസ് ടോമും എൻ.ഹരിയും. ഇതിനിടെ വീടുകൾ സന്ദർശിച്ച് വോട്ടുറപ്പാക്കി. നേരത്തെ പത്രിക സമർപ്പിച്ചതിനാൽ സി.പി.എം സംസ്ഥാന സെക്രട്ടറിയുമൊത്തായിരുന്നു മാണി സി.കാപ്പന്റെ പ്രചാരണം. എസ്.എഫ്.ഐയുടെ ഐക്യദാർഢ്യ പ്രകടനം കൂടിയായപ്പോൾ പ്രചാരണം കളറായി.
സമയത്തിൻ്റെ സമ്മർദ്ദം
സ്ഥാനാർത്ഥികൾക്ക് നിന്ന് തിരിയാൻ സമയമില്ല. ഫോട്ടോ ഷൂട്ട് നടത്തണം, പോസ്റ്ററടിക്കണം, പ്രചാരണം കൊഴുപ്പിക്കാനുള്ള പ്രവർത്തനങ്ങളൊക്കെ ഒന്നേയെന്ന് തുടങ്ങണം. മറ്റ് സ്ഥാനാർത്ഥികളെ വച്ചുനോക്കിയാൽ പ്രചാരണത്തിന് മാണി സി.കാപ്പനാണ് കൂടുതൽ സമയം കിട്ടിയത്. സ്ഥാനാർത്ഥിയാകുമെന്ന് മറ്റുള്ളവർക്ക് അത്ര ഉറപ്പില്ലായിരുന്നതിനാൽ മുൻകൂട്ടി പോസ്റ്ററടിക്കാനും കഴിഞ്ഞില്ല. വ്യത്യസ്തമായ പ്രചാരണത്തിലൂടെ കളംകൊഴുപ്പിക്കുകയാണ് എല്ലാവരുടേയും ലക്ഷ്യം. 21 ന് വൈകിട്ട് ആറിന് പരസ്യ പ്രചാരണം അവസാനിക്കുമ്പോൾ പരാവധി വോട്ടുകൾ അക്കൗണ്ടിലാക്കുകയെന്ന വെല്ലുവിളിയും സ്ഥാനാർത്ഥികൾക്കുണ്ട്. പത്ത് ദിവസത്തോളം ഓണ അവധി ആയതിനാൽ വോട്ടർമാർ കുടംബത്തോടെ ടൂർ പോകുമോയെന്ന ആശങ്കയുണ്ട്. അതുകൊണ്ട് തന്നെ എന്ത് തിരക്കുണ്ടായാലും എത്രയുംവേഗം വോട്ടർമാരുടെ മുന്നിലെത്താനുള്ള ഓട്ടമാണ് സ്ഥാനാർത്ഥികൾക്ക്.
*ഇനി വി.ഐ.പി നിര
രണ്ടാഴ്ച പാലാ വി.ഐ.പി മണ്ഡലമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും കേന്ദ്രമന്ത്രിമാരും അടക്കമുള്ളവരെ എത്തിച്ച് പ്രചാരണം കൊഴുപ്പിക്കാനുള്ള തിരക്കിലാണ് മുന്നണികൾ. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തും. രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള നേതാക്കളെ യു.ഡി.എഫ് എത്തിക്കുമ്പോൾ കേന്ദ്രമന്ത്രിമാർക്കായുള്ല ശ്രമത്തിലാണ് ബി.ജെ.പി. വി.മുരളീധരന് പുറമേ രാജ്നാഥ് സിംഗും എത്തിയേക്കും. വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളേയും കൺവെൻഷനുകളിൽ പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.