കോട്ടയം: . പാലായിലെ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി ജോസ് ടോം യു.ഡി.എഫ് സ്വതന്ത്രൻ മാത്രമാണെന്ന പി.ജെ.ജോസഫിന്റെ നിലപാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തള്ളി. ജോസ് ടോം കേരളാ കോൺഗ്രസ് -എം സ്ഥാനാർത്ഥി തന്നെയാണെന്ന് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. .
യു.ഡി.എഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥി ജോസ് ടോമിന്റെ നാമനിർദ്ദേശ പത്രികയിൽ ഒപ്പ് വയ്ക്കില്ലെന്നും രണ്ടില ചിഹ്നം നൽകില്ലെന്നും പി.ജെ ജോസഫ് പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് ഘടക കക്ഷികൾക്കെല്ലാം ഒരു പെരുമാറ്രച്ചട്ടമുണ്ട്. അതെല്ലാവരും പാലിക്കണം. രണ്ടില ചിഹ്നം അനുവദിക്കുന്നതിൽ ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്. പത്രികാ സമർപ്പണത്തിന് മുമ്പ് വ്യക്തത ഉണ്ടാകും, തർക്കം യു.ഡി.എഫ് നേതൃത്വം ഇടപെട്ട് തീർക്കും. താക്കീത് നൽകാൻ ഇത് സി.പി.എം മുന്നണിയല്ല. ഒന്നും അടിച്ചേൽപ്പിക്കില്ല . ചിഹ്നത്തിന്റെ പേരിൽ യു.ഡി.എഫിൽ പ്രശ്നമാണെന്ന് വരുത്തിത്തീർത്ത്
ഭിന്നതയുണ്ടാക്കാൻ നോക്കുന്ന സി.പി.എമ്മിനോട് പറയാനുള്ളത് ,ഈ കട്ടില് കണ്ട് പനിക്കേണ്ടെന്നാണ് .
പാലായിലെ മുഖ്യ വിഷയം ശബരിമലയാണ്. സി.പി.എമ്മും ബി.ജെ.പിയും വിശ്വാസികളെ വഞ്ചിച്ചു. പുന പരിശോധനാ ഹർജി നൽകിയത് യു.ഡി.എഫ് മാത്രമാണ്. രണ്ട് യുവതികളെ ശബരിമലയിൽ കയറ്റിയതിനാണ് പൊലീസ് നിലപാടിൽ മുഖ്യമന്ത്രി സംതൃപ്തി രേഖപ്പെടുത്തിയത്. എൽ.ഡി.എഫ് വിരുദ്ധ വികാരം അലയടിക്കുന്ന പാലായിൽ നടക്കുന്നത് രാഷ്ടീയ പോരാട്ടമാണെന്നും ചെന്നിത്തല പറഞ്ഞു.