കോട്ടയം: കാലടി ശ്രീശങ്കരാ സ്‌കൂൾ ഒഫ് ഡാൻസിന്റെ നേതൃത്വത്തിൽ 10 അദ്ധ്യാപികമാരും എട്ട് സീനിയർ കലാകാരികളും ചേർന്ന് എം.ജി യൂണിവേഴ്സിറ്റിയിൽ അവതരിപ്പിച്ച പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള നൃത്താവിഷ്കാരം ശ്രദ്ധേയമായി.
എം.ജി യൂണിവേഴ്‌സിറ്റി എംപ്ലോയിസ് റിക്രിയേഷൻ ക്ലബ്ബിന്റെ ഓണഘോഷ പരിപാടിയുടെ ഭാഗമായി നടത്തിയ നൃത്താവിഷ്കാരത്തിൽ പ്രളയവും ഉരുൾ പൊട്ടലും, അനധികൃത കൈയേറ്റങ്ങളും നിർമ്മാണവും തുടങ്ങിയവ വിഷയങ്ങളായി. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നീ കലകൾ സമന്വയിപ്പിച്ചു കൊണ്ട് പ്രത്യേക വെളിച്ച സംവിധാനം ഉപയോഗിച്ച് ഹരിത സ്വപ്നം, സ്ത്രീ വിമോചന സന്ദേശമായി കണ്ണകി, യോഗയും നൃത്തവും സമന്വയിച്ച കുണ്ഡലിനിപ്പാട്ട് എന്നീ നൃത്താവിഷ്‌ക്കാരങ്ങളാണ് അരങ്ങേറിയത്. ഡോ.സി.പി ഉണ്ണികൃഷ്ണനാണ് രചന നിർവഹിച്ചത്.