കോട്ടയം: കുതിരയായിരുന്നു കേരള കോൺഗ്രസിന്റെ ആദ്യചിഹ്നം. ഓരോ പിളർപ്പിലും തർക്കത്തിലും പെട്ട് ഓരോരോ ചിഹ്നവും തിരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ച് അവസാനം രണ്ടിലയിൽ എത്തി. എന്നാൽ കെ.എം.മാണിയുടെ മരണശേഷം നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ ശ്രദ്ധ പിടിച്ച് പറ്റുന്ന സ്വതന്ത്ര ചിഹ്നത്തിനായി മറ്റ് സ്വതന്ത്രന്മാരോട് മത്സരിക്കേണ്ട ഗതികേടിലായി അര നൂറ്റാണ്ട് പിന്നിട്ട കേരള കോൺഗ്രസ് .

തിരഞ്ഞെടുപ്പ് കാലത്ത് യഥാർത്ഥ കുതിരകളുമായിട്ടായിരുന്നു വർക്കി ജോർജിനെ പ്പോലെ കാശുള്ള കേരളകോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രചാരണം. അന്ന് കോട്ടയത്തെ തെരുവുകളിൽ തിരഞ്ഞെടുപ്പ് കാലത്ത് കുതിര കുളമ്പടി ശബ്ദം കേൾക്കാനും തമിഴ്നാട്ടിൽ നിന്ന് കൊണ്ടു വന്ന നല്ല വെളുത്തു കൊഴുത്ത കുതിരകളെ കാണാനും തൊട്ടു നോക്കാനും തെരുവോരങ്ങളിൽ ജനങ്ങൾ കാത്തുനിന്നിരുന്നു .

പിളർപ്പന്മാരുടെ പാർട്ടിയെന്ന വിശേഷണമുള്ള കേരളകോൺഗ്രസിലെ ആദ്യ പിളർപ്പോടെ കുതിര ചിഹ്നത്തിന് രണ്ട് കൂട്ടരും തർക്കമായി. പരാതിയും കേസുമായി. തിരഞ്ഞെടുപ്പ് കമ്മിഷൻ അതോടെ കുതിര ചിഹ്നം മരവിപ്പിച്ചു. കേരളകോൺഗ്രസിൽ നിന്ന് ഇടയ്ക്ക് പിളർന്നു മാറിയ ജോസഫിന് ആദ്യം കിട്ടിയ ആന ചിഹ്നം മറ്റൊരു പിളർപ്പിൽ തർക്കത്തിൽപെട്ട് മരവിപ്പിച്ചതോടെ ചിഹ്നം സൈക്കിളായി. ബാലകൃഷ്ണപിള്ള ഇടയ്ക്ക് പിളർന്നു മാറിയപ്പോൾ ചിഹ്നമായി തെങ്ങു കിട്ടി.

ജോസഫ് മാണിഗ്രൂപ്പിൽ ലയിച്ചപ്പോൾ രണ്ടിലയായി ചിഹ്നം. ഇപ്പോഴിതാ വർഷങ്ങളായി മാണി വിഭാഗത്തിന്റെ കൈയിലിരുന്ന രണ്ടില ചിഹ്നവും അവർക്ക് നഷ്ടപ്പെടുന്നു .

ഇന്ന് ജോസ് ടോം നൽകുന്ന നാമനിർദ്ദേശ പത്രികയിൽ ചിഹ്നം അനുവദിക്കുന്ന കോളത്തിൽ പി.ജെ.ജോസഫ് ഒപ്പിടുന്നില്ലെങ്കിൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കേണ്ടിവരും.

യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിക്ക് താനെന്തിന് ചിഹ്നം നൽകണമെന്നാണ് ജോസഫിന്റെ ചോദ്യം . ജോസ് കെ. മാണിയാണ് ചെയർമാനെന്നു പറയുന്ന ജോസ് ടോമിനെ പാർട്ടിയിൽ നിന്ന് താൻ പുറത്താക്കിയിരുന്നു. അങ്ങനെയുള്ള ഒരാൾക്ക് എങ്ങനെ രണ്ടില ചിഹ്നം അനുവദിക്കുമെന്നാണ് ചോദ്യം. അനുനയിപ്പിക്കാൻ യു.ഡി.എഫ് നേതാക്കളുടെ വൻ പട സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും ജോസഫ് വഴങ്ങുന്നില്ല . ചിഹ്നം കൊടുക്കില്ലെങ്കിലും യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി താൻ ഇറങ്ങുമെന്ന് ജോസഫ് പ്രഖ്യാപിച്ചിട്ടുണ്ടുതാനും.