പൊൻകുന്നം : സ്റ്റാൻഡുണ്ട്,​ യാത്രക്കാരുമുണ്ട്. പക്ഷെ ഇരിപ്പിടം മാത്രം ചോദിക്കരുത്. മഴയും വെയിലുമേറ്റ് ബസ് കാത്തുനിൽക്കാനാണ് പൊൻകുന്നം സ്വകാര്യ ബസ് സ്റ്റാൻഡിൽ യാത്രക്കാരുടെ വിധി. ദിവസേന നൂറുകണക്കിനു വാഹനങ്ങളും ആയിരക്കണക്കിന് യാത്രക്കാരും വന്നുപോകുന്ന സ്റ്റാൻഡിൽ ആകെയുള്ളത് മൂന്നു പേർക്ക് ഇരിക്കാവുന്ന നാലോ അഞ്ചോ ബഞ്ചുകളാണ്. അതാകട്ടെ മദ്യപരും യാചകരും കൈയടക്കും.
പിന്നെ ഏക ആശ്രയം പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഇടുങ്ങിയ വരാന്തയിലുള്ള കാത്തിരിപ്പുകേന്ദ്രമാണ്. അവിടെയാകട്ടെ സദാസമയവും തിരക്ക്. മഴപെയ്താൽ വരാന്തയിലേക്ക് വെള്ളം അടിച്ചുകയറും. അമിതവേഗതയിലെത്തുന്ന ബസുകൾ തെറിപ്പിക്കുന്ന ചെളിയും യാത്രക്കാരെ അഭിഷേകം ചെയ്യുന്നത് പതിവാണ്.
ആവശ്യത്തിന് ഇരിപ്പിടങ്ങൾ ഒരുക്കണമെന്നും നിലവിലെ കാത്തിരിപ്പ് കേന്ദ്രം വിപുലീകരിക്കണമെന്നും നാട്ടുകാരും വിവിധ സംഘടനകളും കാലങ്ങളായി ആവശ്യപ്പെടുന്നതാണ്.

മുഖംതിരിച്ച് പഞ്ചായത്ത്

മഴവെള്ളം അടിച്ചുകയറുന്നത് തടയാൻ വരാന്തയുടെ മുൻപിൽ ബസ്‌ബേയിലേക്കിറക്കി മേൽക്കൂര നിർമ്മിക്കണമെന്ന ആവശ്യത്തോടും പഞ്ചായത്ത് മുഖം തിരിച്ച് നിൽക്കുകയാണ്. ഓരോ വർഷവും ബഡ്ജറ്റിൽ സ്റ്റാൻഡ് വികസനത്തിന് തുക നീക്കിവയ്ക്കാറുണ്ടെങ്കിലും ഒന്നും നടപ്പാകുന്നില്ലെന്നതാണ് യാഥാർത്ഥ്യം.