കുമരകം: പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതമായ കുമരകത്ത് ഗതാഗതക്കുരുക്ക് തീരാശാപമാകുന്നു. വീതികുറഞ്ഞ പാലങ്ങളും റോഡും, അനധികൃത പാർക്കിംഗുമാണ് നാടിന്റെ ശാപം. രോഗികളുമായി വരുന്ന ആംബുലൻസുകൾ ഉൾപ്പെടെ വഴിയിൽ കുരുങ്ങിയിട്ടും പ്രശ്നപരിഹാരം ഉണ്ടാകാത്തതിൽ നാട്ടുകാർക്ക് ശക്തമായ പ്രതിഷേധമുണ്ട്. ആറ്റാമംഗലം പള്ളിക്ക് സമീപം കോണത്താറ്റ് പാലവും, ബോട്ടുജെട്ടി പാലവുമാണ് പ്രധാന പ്രതിസന്ധി. അതിനുപുറമെ അശാസ്ത്രീയമായ ബസ് സ്റ്റോപ്പുകളും കൂടിയാകുമ്പോൾ കുരുക്ക് മുറുകുകയാണ്. കോണത്താറ്റ് പാലത്തിന്റെ വീതികുറവും, തൊട്ടടുത്ത ഗുരുമന്ദിരം ജംഗ്ഷനിലുള്ള ബസ് സ്റ്റോപ്പും കുമരകം ചന്തക്കടവിൽ രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാവുകയാണ്.
വിനോദസഞ്ചാരികളുടെ കാര്യത്തിൽ മാത്രമല്ല, നാട്ടുകാരുടെ ദൈനംദിന ജീവിതത്തിന്റെയും ആംബുലൻസിൽ ആശുപത്രികളിലേക്ക് പായുന്ന രോഗികളുടെ ജീവന്റെയും പ്രശ്നമായിട്ടും പ്രശ്നപരിഹാരത്തിന് ബന്ധപ്പെട്ടവർ താത്പര്യം കാണിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കുമരകം പ്രാഥമീകാരോഗ്യ കേന്ദ്രത്തിലേക്ക് രോഗികളുമായി വരുന്ന വാഹനങ്ങളും മുന്നോട്ടുപോകാനാവാതെ ബുദ്ധിമുട്ടിലാകാറുണ്ട്. ചന്തക്കവലയിൽ നിന്ന് അട്ടിപ്പീടിക, നസ്രത്ത്പള്ളി തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള യാത്രയും പ്രതിസന്ധിയിലാകും.
കോണത്താറ്റ് പാലം വീതി കൂട്ടി നിർമ്മിക്കുകയും ഗുരുമന്ദിരം ജംഗ്ഷനിലെ ബസ് സ്റ്റോപ്പ് ചന്തക്കവലയ്ക്ക് പടിഞ്ഞാറ് വീതിയുള്ള സ്ഥലത്തേക്ക് മാറ്റുകയും ചെയ്താൽ പ്രശ്നപരിഹാരമാകുമെന്നാണ് നാട്ടുകാർ മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശം. ഇത് പ്രായോഗികമെന്നൊ അല്ലെന്നൊ പറയാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നുമില്ല. കാലവും ഗതാഗത സംവിധാനങ്ങളും ഒരുപാട് പുരോഗമിച്ചിട്ടും കോട്ടയം - ചേർത്തല പാതയിൽ കുമരകത്തെ കോണത്താറ്റ് പാലവും, ബോട്ട് ജെട്ടിപാലവും ഇന്നും പതിറ്റാണ്ടുകൾ പിന്നിലാണ്. ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കാൻ ജനപ്രതിനിധികളും വിനോദസഞ്ചാര മേഖലയിലെ സംരംഭകരും മുൻകൈ എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ആംബുലൻസുകളും കുരുക്കിൽ
ചേർത്തല ഭാഗത്തുനിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്കും, കോട്ടയത്തെ വിവിധ ആശുപത്രികളിൽ നിന്ന് എറണാകുളം ഭാഗത്തേക്കുള്ള സ്പെഷ്യലൈസ് ആശുപത്രികളിലേക്കും രോഗികളുമായി വരുന്ന ആംബുലൻസുകൾ കുമരകം ചന്തക്കവലയിൽ കുരുക്കിലകപ്പെടുന്നത് നിത്യസംഭവമാണ്.