കോട്ടയം: ചെയർമാൻ സ്ഥാനത്തെച്ചൊല്ലി ചങ്ങനാശേരി നഗരസഭയിൽ കേരളകോൺഗ്രസ് ജോസ് - ജോസഫ് ഗ്രൂപ്പുതർക്കം രൂക്ഷമാകുന്നു.
2015 മുതൽ രണ്ടരവർഷം കോൺഗ്രസ്, തുടർന്നുള്ള രണ്ടരവർഷം കേരളകോൺഗ്രസിലെ രണ്ട് അംഗങ്ങൾക്ക് തുല്യമായി വീതിക്കണം എന്നായിരുന്നു ധാരണ. ഇതനുസരിച്ച് ആദ്യത്തെ കാലാവധി പൂർത്തിയാക്കിയ കോൺഗ്രസ് അംഗം രാജിവച്ച് കസേര വിട്ടുനൽകി. അതിനുശേഷം ഒന്നേകാൽ വർഷംവീതം കേരള കോൺഗ്രസിലെ ലാലിച്ചൻ കുന്നിപ്പറമ്പിൽ, സാജൻ ഫ്രാൻസിസ് എന്നിവർക്ക് തുല്യമായി പങ്കിട്ടുനൽകി. എന്നാൽ സമീപകാലത്ത് കേരള കോൺഗ്രസ് (എം) പാർട്ടിയിലുണ്ടായ ചേരിതിരിവിന്റെ ഭാഗമായി ലാലിച്ചൻ ജോസ് പക്ഷത്തും, സാജൻ ഫ്രാൻസിസ് പി.ജെ. ജോസഫ് പക്ഷത്തുമായതോടെ പ്രശ്നം രൂക്ഷമായി. ഉൾപാർട്ടി കലഹം മുതലെടുത്ത് ലാലിച്ചൻ രാജിവെയ്ക്കാതെ അധികാരത്തിൽ തുടരുകയാണെന്നാണ് എതിർ വിഭാഗത്തിന്റെ ആരോപണം. നഗരസഭ പാർലമെന്ററി പാർട്ടിയിലെ കേരള കോൺഗ്രസിന്റെ 7 അംഗങ്ങളിൽ 6 പേരും തങ്ങളുടെ പക്ഷത്താണ്. പാർട്ടിയുടെ പിന്തുണയില്ലാത്ത ചെയർമാൻ രാജിവെയ്ക്കണം. യു.ഡി.എഫ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടും ലാലിച്ചൻ വഴങ്ങുന്നില്ല. തനിക്ക് അവകാശപ്പെട്ട ഒന്നേകാൽ വർഷത്തിലെ ഒന്നരമാസം ലാലിച്ചൻ കവർന്നെടുത്തു. 31 വർഷം മുമ്പ് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച തനിക്ക് വീണ്ടുമൊരു അവസരമുണ്ടായത് ഇപ്പോഴാണ്. ചെയർമാൻ രാജിവെയ്ക്കാൻ കൂട്ടാക്കാത്തതിനെക്കുറിച്ച് ജോസ് കെ.മാണി എം.പി യേയും അറിയിച്ചതാണ്. പാല ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സാഹചര്യത്തിലെങ്കിലും ചങ്ങനാശേരി നഗരസഭയിലെ മുന്നണി ധാരണ നടപ്പാക്കണമെന്ന് കേരളകോൺഗ്രസ് ഉന്നതാധികാര സമിതി അംഗം കൂടിയായ സാജൻ ഫ്രാൻസിസ് ആവശ്യപ്പെട്ടു.