കോട്ടയം : മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനവും ഇടവകയിലെ വിവിധ അദ്ധ്യാത്മിക സംഘടനകളുടെ വാർഷികവും ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് കത്തീഡ്രൽ അങ്കണത്തിൽ നടക്കും.

സമ്മേളനം ശ്രേഷ്ഠകാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ ഉദ്ഘാടനം ചെയ്യും. സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ തോമസ് മോർ തീമോത്തിയോസ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യപ്രഭാഷണവും കർദിനാൾ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ അനുഗ്രഹ പ്രഭാഷണവും നടത്തും. സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാറും സേവകാസംഘം നിർമിച്ചു നൽകുന്ന 15 ഭവനങ്ങളുടെ അടിസ്ഥാനശിലാ വിതരണം മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സമൂഹവിവാഹ ധനസഹായ വിതരണം തോമസ് ചാഴിക്കാടൻ എം.പിയും വയോജന സംഘടനയിലെയും വനിതാ സമാജത്തിലെയും മുതിർന്ന അംഗങ്ങളെ ആദരിക്കൽ ബെന്നി ബഹനാൻ എം.പിയും വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും നിർവഹിക്കും.

എട്ടു നോമ്പിന്റെ പരിപാടികൾ മണർകാട് സെന്റ് മേരീസ് കത്തീഡ്രൽ എന്ന ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും മണർകാട് പള്ളി ഒഫീഷ്യൽ എന്ന മൊബൈൽ ആപ്ലിക്കേഷനിലും www.manarcadstmaryschurch.org എന്ന വെബ്‌സൈറ്റിലും തത്സമയം കാണാം.

 മണർകാട് പള്ളിയിൽ ഇന്ന്

കരോട്ടെ പള്ളിയിൽ കുർബാന രാവിലെ 6.30ന്, താഴത്തെ പള്ളിയിൽ രാവിലെ 8 ന് പ്രഭാതപ്രാർഥന, 9 ന് മൂന്നിന്മേൽ കുർബാന നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മോർ കൂറിലോസ്, 11.30ന് പ്രസംഗം ഗീവർഗീസ് മോർ കൂറിലോസ്, 12.30ന് മദ്ധ്യാഹ്നപ്രാർഥന, ഉച്ചയ്ക്ക് 2.00ന് പൊതുസമ്മേളനം. അഞ്ചിന് സന്ധ്യാപ്രാർഥന, 6.30ന് ധ്യാനം ഇ.എം. സാജു (സെന്റ് പോൾസ് മിഷൻ ഒഫ് ഇന്ത്യ).