വൈക്കം: ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് വൈക്കത്ത് നടക്കുന്ന മോഷണങ്ങൾ ചെറുക്കാനും ബൈക്കിലെത്തി ആക്രമിച്ച് മാല കവരുന്ന സംഘങ്ങളെ പിടികൂടാനും ജനജാഗ്രത ഉറപ്പാക്കാൻ വൈക്കം പൊലീസ് നടപടി ഊർജിതമാക്കി. ഓണക്കാലത്ത് മോഷണങ്ങൾ വർദ്ധിച്ചേക്കാമെന്ന നിഗമനത്തിലാണ് വൈക്കം പൊലീസ് ജനമൈത്രി സമിതി അംഗങ്ങളുടേയും വ്യാപാരികളുടേയും സന്നദ്ധ സംഘടനകളുടേയും സഹകരണം തേടി യോഗം വിളിച്ചത്. വൈക്കം എ.എസ്.പി അരവിന്ദ് സുകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈക്കം സബ് ഡിവിഷനിലെ വൈക്കം എസ്.എച്ച്.ഒ എസ്.പ്രദീപ് കുമാർ, തലയോലപ്പറമ്പ് എസ്.എച്ച്.ഒ ക്ലീറ്റസ്, കെ.ജോസഫ്, വെളളൂർ, കടുത്തുരുത്തി, കുറവിലങ്ങാട് തുടങ്ങിയ സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാർ എന്നിവർ പങ്കെടുത്തു. വഴികളിലും വ്യാപാര സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടേയും മറ്റും സ്ഥലങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും ഉൾപ്രദേശങ്ങളിലും അപരിചിതരായവരുടെ സാന്നിദ്ധ്യം ശ്രദ്ധയിൽപെട്ടാൽ പൊലീസ് സഹായം തേടി പ്രദേശത്തെ ക്രമസമാധാനമുറപ്പാക്കാൻ റസിഡന്റ്‌സ് അസോസിയേഷനുകൾ അടക്കമുള്ള സംഘടനങ്ങൾ മുൻകൈയെടുക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചു. വ്യാപാരികളും റസിഡന്റ്‌സ് അസോസിയേഷനുകളും ജനമൈത്രി സമിതി ഭാരവാഹികളും സന്നദ്ധ സംഘടനകളും പങ്കുവച്ച വിവരങ്ങളും അഭിപ്രായങ്ങളും പരിഗണിച്ച ശേഷം മോഷ്ടാക്കൾക്കെതിരെ തന്ത്രം മെനയാൻ പൊലീസ് നടപടികൾ ത്വരിതപ്പെടുത്തി.