പുരയിടം തോട്ടമായി, വട്ടംചുറ്റി കർഷകർ
പാലാ : റീ -സർവേയിലെ അപാകത മൂലം പുരയിടം തോട്ടമായി രേഖപ്പെടുത്തിയത് മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ കർഷക കുടുംബങ്ങളെ ദുരിതത്തിലാക്കുന്നു. പാലാ നിയോജകമണ്ഡലത്തിൽ 17000 ലധികം കുടുംബങ്ങളാണ് ഇതിന്റെ ദുരിതം അനുഭവിക്കുന്നത്. തിരഞ്ഞെടുപ്പിന് വോഭ്യർത്ഥിച്ചെത്തുന്ന സ്ഥാനാർത്ഥികളോട് വിഷയം ഉന്നയിക്കാനുളള തീരുമാനത്തിലാണ് ഇവർ. ഏകദേശം 40000ൽപ്പരം ആളുകൾക്ക് 1980 കാലഘട്ടങ്ങളിൽ നടന്ന റീസർവേയിലാണ് വസ്തുവിന്റെ ഇനം എഴുതുന്ന ഭാഗത്ത് തോട്ടം എന്ന് രേഖപ്പെടുത്തിയത്. മൂന്നു സെന്റ് സ്ഥലമുളളവർ വരെ ഇതിന്റെ ബുദ്ധിമുട്ട് നേരിടുന്നു. ലാന്റ് ബോർഡിൽ കെ.എൽ.ആർ.ആക്ട് പ്രകാരമുള്ള വസ്തുവാണോയെന്ന് പരിശോധിച്ച ശേഷം വേണം മാറ്റം വരുത്താവൂ എന്നാണ് നിർദ്ദേശം. വിവരാവകാശ അപേക്ഷയിൽ ടിഎൽബിയിൽ (താലൂക്ക് ലാന്റ് ബോർഡ് ) നിന്ന് ഫയലുകൾ പലതും നഷ്ടപ്പെട്ടുപോയി എന്നാണ് മറുപടി.
ബുദ്ധിമുട്ടുകളിവ
വില്ലേജ് ഓഫീസിൽ വസ്തു പേരിൽ കൂട്ടി കരം അടക്കാനാകുന്നില്ല
വസ്തുവിൽ വീട് വയ്ക്കുന്നതിന് പഞ്ചായത്ത് പെർമിറ്റ് ലഭിക്കുന്നില്ല
വസ്തുവിന് ബാങ്ക് ലോൺ ലഭിക്കുന്നില്ല
വില്പന നടത്തുമ്പോൾ രജിട്രേഷൻ ചെയ്യാനാകുന്നില്ല
ലൈഫ് പദ്ധതിക്കും പാര
ലൈഫ് ഭവനപദ്ധതിയിൽപ്പെടുത്തി വീട് നിർമ്മിക്കുന്നവർക്കും പണം ലഭിക്കാൻ തടസം നേരിടുന്നുണ്ട്. തഹസിൽദാർക്ക് അപേക്ഷ കൊടുക്കുമ്പോൾ 1970 മുതലുള്ള ആധാരം/മുന്നാധാരം, പുതിയ കരം കെട്ടിയ രസീത്, എറ്റവും പുതിയ കൈവശാധാരം, 100 രൂപ മുദ്ര പത്രത്തിൽ സത്യവാങ്ങ്മൂലം, വെള്ളക്കടലാസിൽ അപേക്ഷ എന്നിവ നൽകണം. ഇതൊക്കെ നൽകിയാലും രേഖകൾ മാറി ലഭിക്കുന്നതിന് കാലതാമസം നേരിടും. അപേക്ഷ പ്രകാരം രേഖ ലഭിച്ചാലും അടിസ്ഥാന രേഖയായ ബി.ടി.ആറിൽ തിരുത്തിക്കിട്ടില്ല.
ദുരിതം ഈ വില്ലേജിലുള്ളവർക്ക്
കൊണ്ടൂർ
മീനച്ചിൽ
ഭരണങ്ങാനം
തലപ്പലം
ഈരാറ്റുപേട്ട
പൂഞ്ഞാർ
ളാലം
മുണ്ടക്കയം
കൂവപ്പള്ളി
എരുമേലി
ഇടക്കുന്നം
റീ-സർവേ നടന്നത് : 1989 ൽ
ദുരിതം അനുഭവിക്കുന്നത് : 4000 പേർ