കോട്ടയം: പാലാ മണ്ഡലത്തിൽ തുടർച്ചയായി വിജയക്കൊടി പാറിച്ച രണ്ടില ചിഹ്നം 32 വർഷത്തിനുശേഷം അപ്രത്യക്ഷമാകാൻ വഴിയൊരുക്കി, നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ ജോസഫ് ഗ്രൂപ്പ് നേതാവും കർഷകയൂണിയൻ സംസ്ഥാന സെക്രട്ടറിയുമായ ജോസഫ് കണ്ടത്തിൽ പത്രിക സമർപ്പിച്ചു.
സ്വതന്ത്ര സ്ഥാനാർത്ഥിയാണ് താനെന്ന് ജോസഫ് കണ്ടത്തിൽ പ്രതികരിച്ചെങ്കിലും ഫലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിനെതിരെയുള്ള വിമതൻ തന്നെയാണ് . ഇതിൽ മാറ്റം വരണമെങ്കിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ശനിയാഴ്ച ജോസഫ് കണ്ടത്തിൽ പത്രിക പിൻവലിക്കണം. അത് നടക്കുമോയെന്ന് ഇപ്പോൾ വ്യക്തമല്ല. എന്നാൽ പി.ജെ. ജോസഫ് പറയുകയാണെങ്കിൽ പത്രിക പിൻവലിക്കാൻ തയ്യാറാണെന്ന് ജോസഫ് കണ്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
യു.ഡി.എഫ് സ്വതന്ത്രനായി നിൽക്കുന്ന സ്ഥാനാർത്ഥിക്ക് കേരള കോൺഗ്രസിന്റെ ചിഹ്നമായ രണ്ടില അനുവദിക്കണമെങ്കിൽ ഇന്നലെ മൂന്ന് മണിക്കകം പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് വരണാധികാരിക്ക് കത്ത് നൽകണമായിരുന്നു. ഇത് നൽകുന്നതിന് പകരം വിമതനെ നിറുത്തുകയാണ് ചെയ്തത്. അതിനാൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്കും ജോസഫ് കണ്ടത്തിലിനും ഇനി രണ്ടില ചിഹ്നം കിട്ടില്ല. രണ്ടുപേർക്കും സ്വതന്ത്ര സ്ഥാനാർത്ഥികളുടെ ചിഹ്നങ്ങളേ ലഭിക്കൂ. ഇന്നാണ് പത്രികകളുടെ സൂഷ്മപരിശോധന.
പാലായിൽ ജോസഫിന്റെ വിമതനീക്കം യു.ഡി.എഫ് യോഗ തീരുമാനത്തിന്റെയും ധാരണയുടെയും നഗ്നമായ ലംഘനമാണെന്നാണ് ജോസ് കെ. മാണി പ്രതികരിച്ചത്. അതേസമയം രണ്ടില ചിഹ്നം കൃത്രിമ മാർഗത്തിലൂടെ നേടിയെടുക്കാനുള്ള നീക്കം പൊളിക്കാനുളള കൗണ്ടർ അറ്റാക്കെന്നായിരുന്നു പി.ജെ.ജോസഫിന്റെ പ്രതികരണം. പി.ജെ. ജോസഫിന്റെ പി.എയ്‌ക്കൊപ്പമാണ് പത്രിക നൽകാൻ ജോസഫ് കണ്ടത്തിൽ എത്തിയത്. എന്നാൽ പി.ജെ. ജോസഫിന്റെ അറിവോടെയല്ല സ്ഥാനാർത്ഥിത്വമെന്നാണ് പാർട്ടി നേതാവ് ജോയി എബ്രഹാം പ്രതികരിച്ചത്.
32 വർഷവും രണ്ടിലയും
കെ.എം. മാണി 54 വർഷമായി പാലായുടെ പ്രതിനിധിയാണെങ്കിലും 87മുതലാണ് രണ്ടിലയിൽ മത്സരിച്ച് ജയിക്കാൻ തുടങ്ങിയത്. അതിനാൽ പാലായിലെ വോട്ടർമാർക്ക് 32 വർഷത്തിന് ശേഷമാവും യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് രണ്ടില മാറി വോട്ട് ചെയ്യേണ്ടി വരിക.
ജോസഫ് കത്ത്
നൽകാത്തതിന്റെ
കാരണം
തന്നെ ചെയർമാനായി അംഗീകരിച്ച് ജോസ് കെ. മാണി കത്തു നൽകിയാലേ രണ്ടില ചിഹ്നം അനുവദിച്ചുകൊണ്ട് കത്ത് നൽകൂ എന്ന് ജോസഫ് യു.ഡി.എഫ് നേതാക്കളെ അറിയിച്ചിരുന്നു. എന്നാൽ ജോസ് കെ. മാണി അതിന് തയ്യാറായില്ല. പകരം, ചെയർമാന്റെ നോമിനിയെന്ന ചുമതലയിൽ സ്റ്റീഫൻ ജോർജിനെക്കൊണ്ട് ചിഹ്നം അനുവദിക്കുന്നതിനുള്ള കത്ത് പത്രികാ സമർപ്പണം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് വരണാധികാരിക്ക് നൽകി. ഈ നീക്കം മുൻകൂട്ടി കണ്ട പി.ജെ.ജോസഫ് കേരളകോൺഗ്രസ് സ്ഥാനാർത്ഥിയല്ലാത്തതിനാൽ ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കരുതെന്ന കത്ത് വരണാധികാരിക്ക് നൽകി.
അതിനുശേഷമാണ് കണ്ടത്തിൽ പത്രിക നൽകിയത്. കണ്ടത്തിലിന് വേണ്ടിയും ചിഹ്നത്തിനുള്ള കത്ത് ജോസഫ് നൽകിയിട്ടില്ല. അതിനാൽ യു.ഡി.എഫ് യോഗത്തിലെ ധാരണ ലംഘിച്ചിട്ടില്ലെന്ന് ജോസഫ് പക്ഷത്തിന് വാദിക്കാം.
സാദ്ധ്യതകൾ
1, വിമതസ്ഥാനാർത്ഥിയായ ജോസഫ് കണ്ടത്തിൽ ശനിയാഴ്ച പത്രിക പിൻവലിച്ചാൽ തത്കാലത്തേക്ക് പ്രശ്നങ്ങൾ ശമിക്കും.
2, വിമതൻ രംഗത്ത് ഉറച്ച് നിന്നാൽ ഫലത്തിൽ യു.ഡി.എഫിൽ സൗഹൃദ മത്സരത്തിന് കളമൊരുങ്ങുകയും എൽ.ഡി.എഫ് സ്ഥാനാർത്ഥി മാണി സി.കാപ്പന്റെ വിജയസാദ്ധ്യത കൂടുകയും ചെയ്യാം.
3,യു.ഡി.എഫ് സ്ഥാനാർത്ഥി തോൽക്കുകയാണെങ്കിൽ കേരള കോൺഗ്രസ് രണ്ടായി പിളർന്ന് രണ്ടു ഘടകങ്ങളും യു.ഡി.എഫിൽ തുടരാം.
4, യു.ഡി.എഫ് സ്ഥാനാർത്ഥി ജയിക്കുകയാണെങ്കിൽ ചിഹ്ന പ്രശ്നവും ചെയർമാൻ പ്രശ്നവും അടുത്ത തിരഞ്ഞെടുപ്പുവരെ തട്ടിയും കളിച്ചും നീളും. സ്വതന്ത്ര സ്ഥാനാർത്ഥിയായതിനാൽ എവിടേക്കും തിരിയാനുള്ള സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്യും.