അടിമാലി: ഹൈറേഞ്ച് ഡയറി സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ഏഴിന് രാവിലെ 11 മുതൽ ക്ഷീരകർഷകർ ആനച്ചാലിൽ റോഡ് ഉപരോധിക്കും. പാൽ വില വർദ്ധിപ്പിക്കുക, കാലിത്തീറ്റ വർദ്ധന പിൻവലിക്കുക, ത്രിതല പഞ്ചായത്തുകൾ ക്ഷീരകർഷകർക്ക് നൽകുന്ന സബ്സിഡി വർദ്ധിപ്പിക്കുക, ക്ഷീരകർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഹൈറേഞ്ച് ഡയറി സംഘം പ്രസിഡന്റ് കെ.ആർ. ജയൻ അദ്ധ്യക്ഷത വഹിയ്ക്കുന്ന സമരം വെള്ളത്തൂവൽ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ബിജി ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനാ നേതാക്കളായ പയസ് എം. പറമ്പിൽ, കെ.ബി. വരദരാജൻ, പോൾ മാത്യു, കെ.വി. ജോൺസൺ, പി.ബി. സജീവ് എന്നിവർ പങ്കെടുക്കും. കെ.ആർ. ജയൻ, ഹൈറേഞ്ച് ഡയറി ജനറൽ മാനേജർ എസ്. അജിത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.