ചങ്ങനാശേരി: നഗരത്തിലെ ഒട്ടുമിക്ക തെരുവുവിളക്കുകളും പ്രവർത്തനരഹിതമായിട്ട് രണ്ടും മാസം പിന്നിട്ടിട്ടും ഇത് നന്നാക്കുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിക്കാത്തതിൽ പ്രതിഷേധം ഉയരുന്നു. എം.സി റോഡെന്നോ ഇടറോഡെന്നോ വ്യത്യാസമില്ലാതെ മിക്കയിടങ്ങളിലും ജനങ്ങളെ ദുരിതത്തിലാക്കി തെരുവുവിളക്കുകൾ കണ്ണടച്ചിരിക്കുകയാണ്. കാത്തിരുപ്പ് കേന്ദ്രങ്ങൾ, റെയിൽവേ റോഡ്, ആശുപത്രി തുടങ്ങിയ പ്രധാന പ്രദേശങ്ങളെല്ലാം സന്ധ്യ കഴിഞ്ഞാൽ ഇരുട്ടിന്റെ പിടിയിലാണ്. സാമൂഹ്യവിരുദ്ധ ശല്യവും അപകടങ്ങളും മാത്രം അനന്തരഫലം! പ്രശ്നം ഇത്ര രൂക്ഷമായിട്ടും ജനങ്ങളുടെ ആകുലതകൾ പരിഹരിക്കുന്നതിന് പകരം പരസ്പരം പഴിചാരുന്നതിലാണ് അധികൃതരുടെ മത്സരം. പരാതിപ്പെടുമ്പോൾ 'ഫണ്ടില്ല' എന്ന സ്ഥിരം പല്ലവിയാണ് കൗൺസിലർമാരുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് നാട്ടുകാർ പറയുന്നു. കേടായ തെരുവുവിളക്കുകളുടെ കണക്കുകൾ ശേഖരിക്കുന്നതിനു പോലും അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ജനങ്ങളുടെ പരിഭവം. ഇരുട്ടുമൂടിയ റോഡുകൾ അപകടങ്ങളുടെയും കേന്ദ്രമായി മാറി. അടുത്തകാലത്ത് ളായിക്കാട് ഭാഗത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ട സംഭവമാണ് ഇതിനൊരുദാഹരണം.

നഗരസഭ കൗൺസിലിൽ പ്രശ്നം ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും അന്തിമ നടപടികളുണ്ടാകുന്നില്ല. സോളാർ ലൈറ്റുകളുടെ സ്ഥിതിയും പരിതാപകരമാണ്. ഇതിലേറെയും വാഹനങ്ങൾ ഇടിച്ചും അല്ലാതെയും നശിച്ചു. ഇത് നന്നാക്കുന്നതിനും പുതിയത് സ്ഥാപിക്കുന്നതിനും നടപടികളില്ല.

 ഇടറോഡുകളും ഇരുട്ടിന്റെ പിടിയിൽ

തെരുവുവിളക്കുകളുടെ അഭാവത്താൽ ഇടറോഡുകളിൽ പാമ്പ്, തെരുവുനായ ശല്യങ്ങൾ വർദ്ധിച്ചു. മദ്യപസംഘങ്ങളും ഇടറോഡുകൾ കേന്ദ്രമാക്കുന്നു. ജോലി കഴിഞ്ഞ് ജംഗ്ഷനുകളിൽ ബസിറങ്ങി ഇടറോഡുകളിലൂടെ കാൽനടയായി പോകുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് തെരുവു വിളക്കുകൾ ആശ്വാസമായിരുന്നു. പക്ഷേ, ഇപ്പോൾ ഇവരുടെ യാത്രയും ദുരിതപൂർണമായി. രണ്ടു മാസം മുൻപ് വാഴപ്പള്ളി പടിഞ്ഞാറ് പ്രദേശത്ത് ഒരാളെ പാമ്പുകടിച്ചതായും ഇരുട്ടു നിറഞ്ഞ വഴികളിലൂടെ ഭയപ്പാടോടെയല്ലാതെ സഞ്ചരിക്കാനാകില്ലെന്നും നാട്ടുകാർ പറയുന്നു.

 പ്രതിഷേധിച്ചു

വഴിവിളക്കുകൾ നന്നാക്കാത്തതിൽ ബി.ജെ.പി കൗൺസിൽ അംഗങ്ങൾ പ്രതിഷേധിച്ചു. എൻ പി കൃഷ്ണകുമാർ, പ്രസന്നകുമാരി, രമാദേവി, ബിന്ദു വിജയകുമാർ എന്നിവർ ചേംബറിലെത്തി ചെയർമാനെ പ്രതിഷേധമറിയിച്ചു. പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധപരിപാടികൾ ആരംഭിക്കേണ്ടി വരുമെന്ന് പാർലമെന്ററി പാർട്ടി ലീഡർ എൻ.പി. കൃഷ്ണകുമാർ പറഞ്ഞു