വൈക്കം : കർഷക അവകാശദിനം ആചരിക്കുന്നതിന്റെ ഭാഗമായി കിസാൻസഭ ഉദയനാപുരം ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകരും, ക്ഷീരകർഷകരും ഉദയനാപുരം വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
വെള്ളപ്പൊക്കത്തിൽ നാശനഷ്ടം സംഭവിച്ച കർഷകർക്ക് അടിയന്തിര സഹായം നൽകുക, ക്ഷീരകർഷകർക്ക് സൗജന്യ കാലിത്തീറ്റ അനുവദിക്കുക, കാലിത്തീറ്റയ്ക്ക് 50 ശതമാനം സബ്‌സിഡി അനുവദിക്കുക, പാലിന് ഇരുപത് രൂപ ഇൻസെന്റീവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ്ണ. തുറുവേലിക്കുന്ന് ക്ഷീരസംഘത്തിൽ നിന്നും പുറപ്പെട്ട മാർച്ചും ധർണ്ണയും സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി.ബാബുരാജ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് അജയഘോഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം.മുരളീധരൻ, കിസാൻസഭ മണ്ഡലം സെക്രട്ടറി കെ.കെ.ചന്ദ്രബാബു, കെ.രമേശൻ, ആർ.ബിജു, സാബു പി. മണലൊടി, പി.ആർ.സുരേഷ്, കുര്യാക്കോസ്, കെ.കെ.സാബു, വിജയൻ വാഴമന എന്നിവർ പ്രസംഗിച്ചു.