കോട്ടയം: മാവേലിമന്നനെ വരവേൽക്കാൻ തിരുനക്കരയുടെ തെരുവോരത്ത് ഇത്തവണയും മറുനാടൻ പൂക്കാലമെത്തി. ഹോർട്ടി കോർപ്പും ഹരിതകേരള മിഷനുമൊക്കെ പുഷ്പകൃഷിയുടെ മഹാത്മ്യങ്ങളെക്കുറിച്ച് ഒരുപാട് ബോധവത്കരിച്ചെങ്കിലും ഈ ഓണക്കാലവും ലക്ഷ്യത്തിലെത്തിയില്ല.
ഇനി കീശയുടെ കനം അനുസരിച്ച് മലയാളിക്ക് പൂക്കളമൊരുക്കാം. പൂക്കൾ മാത്രമല്ല, പൂക്കളത്തിന് ചന്തംകൂട്ടാൻ ആവശ്യമായ പച്ചിലകൾ വരെ തമിഴ് നാട്ടിൽനിന്നാണ് വരുന്നത്. മലയാളി മനസുവച്ചാൽ മദ്ധ്യകേരളത്തിലും നന്നായി പുഷ്പിക്കുന്ന ചെണ്ടുമല്ലി (ബന്തി), അരളി, വാടാമുല്ല എന്നീയിനങ്ങളാണ് ഇത്തവണയും അതിർത്തികടന്ന് എത്തിയിരിക്കുന്നതിലേറെയും. പൂക്കളുടെ ഇനമനുസരിച്ച് 150 മുതലാണ് വില.
ഓണക്കാലം മുന്നിൽകണ്ട് നട്ടുനനച്ച അരളിയും വാടാമുല്ലയും ചെണ്ടുമല്ലിയുമൊക്കെ പ്രതീക്ഷയ്ക്കൊത്ത് പൂത്തുലഞ്ഞതോടെ തമിഴ്നാട് കർഷകർ ചാകരകൊയ്ത്തിലുമാണ്. ദിവസങ്ങളോളം കേടാകാതിരിക്കുന്ന ചെണ്ടുമല്ലിയും വാടമുല്ലയുമൊക്കെ ലോഡ് കണക്കിനാണ് കേരളത്തിലേക്ക് കയറ്റി അയയ്ക്കുന്നത്. പൂക്കൾ മാത്രമല്ല, വ്യാപാരികളും തമിഴ്നാട്ടിൽ നിന്ന് വന്നവരാണ്. കോട്ടയത്തെ സ്ഥിരം കടക്കാർക്ക് പുറമേയാണ് സീസൺ വ്യാപാരികളും എത്തിയിരിക്കുന്നത്. ഇനിയുള്ള ദിവസങ്ങൾ കലാലയങ്ങളിലും സർക്കാർ ഓഫീസുകളിലുമൊക്കെ ഓണാഘോഷം കൊടുമ്പിരികൊള്ളുന്നതോടെ വിപണിയിലെ പൂക്കാലവും സജീവമാകും.
തറ വാടക തോന്നിയ പോലെ
തെരുവോരങ്ങളിലെ സീസൺ കച്ചവടക്കാരിൽ നിന്ന് നഗരസഭയുടെ പേരിൽ ദിവസം 3000 രൂപവരെ തറവാടക ഈടാക്കുന്നതായി ആക്ഷേപമുണ്ട്. എത്രതുക ചോദിച്ചാലും പരാതിയില്ലാതെ നൽകാൻ വ്യാപാരികൾ സന്നദ്ധരുമാണ്. മുടക്കുമുതൽ എത്രയായാലും ഉപഭോക്താക്കളിൽ നിന്ന് തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസം കച്ചവടക്കാർക്കുണ്ട്. ഫലത്തിൽ തറവാടകയുടെ അധികഭാരവും വാങ്ങുന്നവർക്കു തന്നെ
വിലനിലവാരം (കിലോഗ്രാമിന്)
വാടാമുല്ല 150
അരളി 300
ചെത്തി 400
റോസപൂവ് 300
പച്ചില കെട്ട് 50
ബന്തി 200