കോട്ടയം: അതിരമ്പുഴയിൽ പൊലീസിനു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതിയെ 'കസ്റ്റഡിയിൽ എടുത്തത് ' തെരുവുനായ..! നായയുടെ കടിയേറ്റ് വീട്ടിൽ നിന്നു പുറത്തിറങ്ങാനാവാതെ വന്നതോടെയാണ് ഇയാളെ പൊലീസ് പൊക്കിയത്. അതിരമ്പുഴ കോട്ടമുറി പ്രിയദർശനി കോളനിയിൽ വേമ്പനമുകളേൽ വിഷ്‌ണു യോഗേഷാണ് (18) അറസ്റ്റിലായത്. കടിയേറ്റ് യോഗേഷ് വീട്ടിൽ കിടക്കുന്നതായി വിവരം ലഭിച്ച ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ എ.ജെ തോമസ് വീട്ടിലെത്തി പിടികൂടുകയായിരുന്നു.

കഴിഞ്ഞ മാസമാണ് അമിത വേഗത്തിൽ ബൈക്ക് ഓടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അതിരമ്പുഴയിലെ കഞ്ചാവ് മാഫിയ സംഘം വീട് കയറി ആക്രമണം നടത്തിയതും, പൊലീസ് ജീപ്പിനു നേരെ പെട്രോൾ ബോംബ് എറിഞ്ഞതും. കേസിൽ നേരത്തെ നാലു പ്രതികളെ പിടികൂടിയിരുന്നു. ഒളിവിൽ കഴിയുകയായിരുന്ന യോഗേഷിനെ അവിടെ വച്ച് തെരുവുനായ കടിക്കുകയായിരുന്നു. കടിയേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം യോഗേഷ് വീട്ടിലേയ്‌ക്ക് മടങ്ങി. ഇതറിഞ്ഞാണ് പൊലീസ് എത്തിയത്.