നിഷ ജോസ് കെ.മാണിക്ക് കുടുംബം കഴിഞ്ഞാൽ അത്രമേൽ പ്രിയപ്പെട്ടതാണ് ജലം. ജീവിതം തന്നെ വെള്ളംപോലെ ഒഴുകുകയാണെന്നാണ് പറയുന്നത്. ആലപ്പുഴക്കാരിയായത് കൊണ്ട് മാത്രമല്ല വെള്ളത്തോടുള്ള ഇഷ്ടം കൊണ്ടുകൂടിയാണ് നീന്തൽ പഠിച്ചത്. സ്കൂബാ ഡൈവിംഗിൽ പ്രത്യേക വൈദഗ്ദ്ധ്യമുണ്ട്. കാറിനുള്ളിൽ എപ്പോഴും ലൈഫ് ജാക്കറ്റുണ്ടാവും. രാഷ്ട്രീയ വിവാദങ്ങൾ തിളച്ചു മറിയുമ്പോൾ നിഷ കൂളായി കരിങ്ങോഴയ്ക്കൽ വീട്ടിലുണ്ട്. സാമൂഹ്യ സേവനം, പുസ്തകമെഴുത്ത്, ഇലക്ഷൻ പ്രചരണം ഇങ്ങനെ തിരക്കിലാണ്. നിഷ ജോസ് .കെ.മാണി 'കേരളകൗമുദിയോട് "സംസാരിച്ചു.
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ എന്നും നിഷ ജോസ് കെ. മാണിയുടെ പേര് ഉയർന്നുവരും. വൈകാതെ അപ്രതീക്ഷിത സ്ഥാനാർത്ഥി മത്സരിക്കും. എന്താണ് ഇതിന് പിന്നിൽ ?
എന്താണെന്ന് എനിക്കും അറിയില്ല. ഞാൻ രാഷ്ട്രീയത്തിന് അതീതമായി സമൂഹത്തിൽ പ്രവർത്തിക്കുന്നയാളാണ്. രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെപ്പറ്റി ഇതുവരെ ചിന്തിച്ചിട്ടുമില്ല. അതിനുള്ള മെയ് വഴക്കവും എനിക്കില്ല. എന്റെ ജീവിതം വെള്ളംപോലെയാണ്. ഭാവിയിൽ എവിടെ ഒഴുകിച്ചേരുമെന്ന് പറയാനാവില്ല. അതുകൊണ്ടുതന്നെ ഇപ്പോഴെന്താണോ അതാണ് ഞാൻ. എനിക്ക് പൊസിഷൻസ് പേഴ്സൺ ആകാനല്ല, പീപ്പിൾസ് പേഴ്സൺ ആകാനാണ് ഇഷ്ടം.
അനാവശ്യമായി പേര് വലിച്ചിഴയ്ക്കുന്നത് ശത്രുക്കളാണോ?
എനിക്ക് ശത്രുക്കളുണ്ടെന്ന് ഞാൻ കരുതുന്നില്ല. എല്ലാവരോടും ഒരുപോലെ ചിരിച്ചുകൊണ്ട് പെരുമാറുന്നയാളാണ് ഞാൻ. ഒരു പദവിയും ആഗ്രഹിക്കാതെയാണ് ഞാൻ സേവനപ്രവർത്തനങ്ങൾ ചെയ്യുന്നത്. അത് ഇനിയും തുടരും. കാരുണ്യം എല്ലാവർക്കും കൊടുക്കണം. ജനങ്ങളുടെ സുഖത്തിലും ദു:ഖത്തിലും കൂടെ നിൽക്കാൻ ഒരു പദവിയും വേണ്ടെന്നാണ് അച്ചാച്ചൻ (കെ. എം. മാണി) പഠിപ്പിച്ചിട്ടുള്ളത്.
ഇക്കുറി നിഷയുടെ പേര് ആദ്യം പരമാർശിച്ചത് പി.ജെ. ജോസഫ് ആണ്. എന്തുകൊണ്ടാവും?
എനിക്കറിയില്ല. ഇതൊന്നും വ്യക്തിപരമല്ലല്ലോ? അതൊക്കെ പൊളിറ്റിക്കൽ ഗെയിം ആണെന്ന് വിശ്വസിക്കാനാണ് ഇഷ്ടം.
നിഷ മത്സരിക്കണമെന്ന് പാർട്ടിക്കുള്ളിലെ ഭൂരിഭാഗം പേരും ആവശ്യപ്പെട്ടിരുന്നല്ലോ?
പാർട്ടിക്കുള്ളിൽ ആവശ്യപ്പെട്ടിട്ടുണ്ടാവാം. പക്ഷേ, എന്റെ മനസിൽ അങ്ങനെയൊരു ചിന്ത ഇതുവരെയുണ്ടായിട്ടില്ല. അച്ചാച്ചന്റെ മരുമകളായി ഇവിടെ എത്തിയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം. എനിക്ക് അച്ഛനും സുഹൃത്തും വെൽവിഷറും വഴികാട്ടിയും അങ്ങനെ പലതരത്തിലായിരുന്നു അച്ചാച്ചൻ. പാലായ്ക്ക് അച്ചാച്ചൻ എന്തായിരുന്നെന്ന് ഒന്നു പുറത്തിറങ്ങി നോക്കിയാൽ അറിയാം. അച്ചാച്ചൻ ധരിച്ചിരുന്ന വസ്ത്രം പോലെ അത്രയും നീറ്റാവണം പാലായിലെ റോഡുകളെന്ന് അച്ചാച്ചന് നിർബന്ധമുണ്ടായിരുന്നു. ആ സ്നേഹം എന്നും ജനങ്ങളുടെ മനസിലുണ്ട്.
പാർട്ടി അംഗങ്ങൾ അല്ലാത്തവർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോട് യോജിക്കുന്നുണ്ടോ?
പാർട്ടിക്കാര്യത്തിൽ എനിക്ക് എങ്ങനെ മറുപടി പറയാനാവും. ഇത്തരം ചോദ്യങ്ങൾക്ക് ജോസ് അല്ലേ മറുപടി പറയേണ്ടത്.
നിഷ ജോസ് കെ. മാണിയുടെ സാമൂഹ്യപ്രവർത്തനങ്ങൾ പൊള്ളയാണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നുമാണല്ലോ വിമർശനം?
അങ്ങനെ ഒരു ആഗ്രഹം എനിക്കില്ലെന്നുള്ളതിന്റെ തെളിവല്ലേ ഞാൻ ഇതുവരെ മത്സരിക്കാത്തത്. എനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. ഞാൻ തികഞ്ഞ ഈശ്വരവിശ്വാസിയാണ്. എല്ലാവരേയും ചേർത്തു നിറുത്താനും സ്നേഹിക്കാനും സഹായം ചെയ്യാനുമാണ് എനിക്ക് ഇഷ്ടം.
സമൂഹ മാദ്ധ്യമങ്ങളിലെ ട്രോളുകൾ വേദനിപ്പിക്കാറുണ്ടോ?
ആദ്യമൊക്കെ മനസ് വിഷമിച്ചിരുന്നു. ഇതൊക്കെ അച്ചാച്ചനെ കാണിച്ച് പരിഭവം പറയുമ്പോൾ ചിരിച്ചുകൊണ്ട് വിട്ടുകളയാൻ എന്നെ ഉപദേശിക്കുമായിരുന്നു. ഇപ്പോൾ ഇതൊന്നും ഓർത്ത് ഞാനും മനസ് പുണ്ണാക്കാറില്ല. എന്നെ സമൂഹമാദ്ധ്യമത്തിലൂടെ ലൈംഗികമായി അപമാനിച്ചയാൾക്കെതിരെ പ്രതികരിച്ചതോടെ ഇപ്പോൾ അത്തരത്തിലുള്ള ശല്യങ്ങളില്ല.
യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയ സാദ്ധ്യത?
കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തോടെ ജോസ് ടോം പുലിക്കുന്നേൽ ജയിക്കുമെന്നുറപ്പാണ്. അച്ചാച്ചന്റെ പിൻഗാമിയായി അദ്ദേഹം നിയമസഭയിലെത്തും. അച്ചാച്ചനെ സ്നേഹിക്കുന്നവരെല്ലാം ജോസ് ടോമിന് വോട്ട് ചെയ്യും. വോട്ട് തേടിയിറങ്ങുമ്പോൾ ഒരാൾ പോലും അച്ചാച്ചനെപ്പറ്റി എന്തെങ്കിലും പറയാതിരുന്നിട്ടില്ല.
മാണി സി. കാപ്പന്റെ സ്ഥാനാർത്ഥിത്വത്തെ എങ്ങനെ കാണുന്നു?
എൻ.സി.പിയുടെ ദേശീയ അദ്ധ്യക്ഷൻ ശരത് പവാർ ഞങ്ങളുടെ കുടുംബ സുഹൃത്താണ്. അങ്കിൾ എന്നാണ് ഞാൻ വിളിക്കുന്നത്. സൗഹൃദം വേറെ രാഷ്ട്രീയം വേറെ. എല്ലാ ആളുകൾക്കും സ്ട്രെംഗ്തും വീക്നെസും ഉണ്ടല്ലോ