തലയോലപ്പറമ്പ് : പള്ളിക്കവല ജംഗ്ഷനിൽ പുതിയതായി സ്ഥാപിച്ച സിഗ്നൽ സമയക്രമീകരണം രണ്ട് തവണ പഠിച്ച് നടപ്പാക്കിയത് ശാസ്ത്രീയമല്ലെന്നും പ്രായോഗികതലത്തിൽ സമയം പുന:ക്രമീകരിക്കണമെന്നും തലയോലപ്പറമ്പ് എ.കെ.സോമൻ സ്മൃതിവേദി ആവശ്യപ്പെട്ടു. സിഗ്നൽ സ്ഥാപിക്കുന്നതിന് മുൻപ് വാഹനാപകടം കുറവായിരുന്ന പള്ളിക്കവലയിൽ ഇപ്പോൾ വാഹനാപകടങ്ങൾ നിത്യസംഭവമാണ്. കാൽനടയാത്രക്കാർക്കും വാഹനം ഓടിക്കുന്നവർക്കും പ്രയോജനകരമായ വിധത്തിൽ സിഗ്നൽ സമയം പുന:ക്രമീകരിക്കേണ്ടതാണെന്നും തൊടുപുഴ റൂട്ടിൽ നിന്നും മാർക്കറ്റ് റോഡിലേക്കും മാർക്കറ്റ് റോഡിൽ നിന്നും കോട്ടയം റൂട്ടിലേക്കും വാഹനം സിഗ്നൽ കടക്കുന്നതിന് മുൻപ് തന്നെ സ്റ്റോപ്പ് സിഗ്നൽ വീഴുന്നതുകൊണ്ട് ഈ ഭാഗത്തെ സമയം ദീർഘിപ്പിക്കണമെന്നും ബസ് സ്റ്റോപ്പ് മാറ്റിയ സ്ഥലങ്ങളിൽ അടിയന്തിരമായി കാത്തിരുപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് വി.കെ.ശശിധരൻ വാളവേലി അദ്ധ്യക്ഷത വഹിച്ചു. പി.വി.സുരേന്ദ്രൻ, ബാബു കറുകപ്പള്ളി, ബേബി ഇടപ്പള്ളി, ശിവൻ വടയാർ, എ.ആർ.വത്സകുമാർ, ജമാൽ, പി.കെ.അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.