കോട്ടയം: പി.ജെ.ജോസഫിന്റെ 'ഒളിപ്രയോഗത്തിൽ' പാലായിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിന് രണ്ടില ഏതാണ്ട് നഷ്ടമായി. സ്വതന്ത്ര സ്ഥാനാർത്ഥിയെന്ന നിലയിൽ സമർപ്പിച്ച പത്രികയിൽ ആവശ്യപ്പെട്ടിട്ടുള്ളത് കൈതച്ചക്ക, ഫുട്ബോൾ, ഓട്ടോറിക്ഷ എന്നീ ചിഹ്നങ്ങളിലൊന്നാണ്.
1987 മുതൽ കെ.എം.മാണി കൈവശം വച്ച് അനുഭവിച്ചുപോന്നതാണ് രണ്ടില. 32 വർഷങ്ങൾക്ക് ശേഷം ജോസഫിന്റെ കളിയിൽ അത് നഷ്ടപ്പെടുക എന്നത് ചിന്തിക്കാനാവില്ല. ജോസ് വിഭാഗം രണ്ടിലയ്ക്കുള്ള അപേക്ഷ വരണാധികാരിക്ക് നൽകിയിട്ടുണ്ട്. ജോസഫ് ഇത് മണത്തറിഞ്ഞ്, കേരളകോൺഗ്രസ് സ്ഥാനാർത്ഥിയല്ലാത്ത വെറും യു.ഡിഎഫ് സ്വതന്ത്രനായ ജോസ് ടോമിന് രണ്ടില കൊടുക്കരുതെന്ന കത്തും വരണാധികാരിക്ക് നൽകി .രണ്ടില ഇല്ലെങ്കിലും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനാണ് കൈതച്ചക്കയും കാൽപന്തും ഓട്ടോയും ആവശ്യപ്പെട്ടിട്ടുള്ളത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബർ ഉത്പാദിപ്പിക്കുന്ന പാലായിൽ കൈതച്ചക്ക കൃഷിയും വ്യാപകമാണ്. രണ്ടില പോലെ പെട്ടെന്നു മനസിൽ പതിയുന്ന ചിഹ്നമാണ് കൈതച്ചക്ക. ഇലയ്ക്കു പകരം ചുറ്റും മുള്ളാണെന്നു മാത്രം. പാലാക്കാരുടെ മനസിൽ പതിഞ്ഞ രണ്ടിലയ്ക്കു കൈതച്ചക്ക ബദലാകില്ലെങ്കിലും പ്രചാരണത്തിനിടയിൽ 'നമ്മുടെചിഹ്നം കൈതച്ചക്ക' എന്നു വോട്ടർമാരെ പെട്ടെന്ന് ബോധവത്ക്കരിക്കാൻ കഴിയും. ബാലറ്റ് പേപ്പറിലും കൈതച്ചക്ക കണ്ടാൽ പെട്ടെന്ന് തിരിച്ചറിയാം. രണ്ടില പോലെ കൈതച്ചക്കയുടെ മുള്ള് നിൽക്കുന്നതിനാൽ രണ്ടിലയുടെ ഓർമയുമുണ്ടാകാം . അദ്ധ്വാന വർഗ സിദ്ധാന്തം മുഖമുദ്രയാക്കിയ കേരളകോൺഗ്രസിന് കൈതച്ചക്ക കാർഷിക വിളയായതിനാൽ കർഷക ചിഹ്നമായും അവകാശപ്പെടാം. അതു കൊണ്ട് തന്നെയാണ് പ്രഥമ പരിഗണന കൈതച്ചക്കയ്ക്ക് നൽകിയത്.
പാലാ ഫുട്ബോളിന് പകരം വോളിബോളിന്റെ നാടാണ്. ഇടതു സ്ഥാനാർത്ഥി മാണി സി. കാപ്പൻ അടക്കം നിരവധി വോളിബോൾ താരങ്ങൾ പാലായുടെ മണ്ണിൽ നിന്ന് ലോകത്തോളം വളർന്നിട്ടുണ്ട്. വോളിബോളിന്റേതായാലും ഫുട്ബോളിന്റേതായാലും ബോള് കണ്ടാൽ ബാലറ്റ് പേപ്പറിൽ തിരിച്ചറിയാം. ഇനി ഓട്ടോറിക്ഷയാണെങ്കിലും അറിയാം. അത് കൊണ്ട് തന്നെ ആവശ്യപ്പെട്ട മൂന്ന് ചിഹ്നങ്ങളും വോട്ടർമാരെ കൂടുതൽ പഠിപ്പിക്കേണ്ടതില്ല. ഇത് മറ്റ് സ്വതന്ത്ര സ്ഥാനാർത്ഥികളും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ നറുക്കെടുപ്പിലൂടെ തീരുമാനിക്കേണ്ടി വരും.
മാണി സി. കാപ്പനും എൻ.ഹരിയും ദേശീയ പാർട്ടി സ്ഥാനാർത്ഥികളായതിനാൽ ബാലറ്റ് പേപ്പറിൽ ആദ്യ പേരുകാരാകും. യു.ഡി.എഫ് സ്ഥാനാർത്ഥി സ്വതന്ത്രനായതിനാൽ മറ്റ് നിരവധി സ്വതന്ത്രന്മാർക്കൊപ്പമേ (പത്രിക സൂക്ഷപരിശോധന നടത്തും മുമ്പുള്ള കണക്ക് 17 സ്വതന്ത്രന്മാർ എന്നാണ് ) ബാലറ്റ് പേപ്പറിൽ കാണൂ.
ഇന്നാണ് പത്രികകളുടെ സൂക്ഷ്മപരിശോധന. ഏഴ് വരെ പിൻവലിക്കാം. അതിന് ശേഷമേ ചിഹ്നം ഏതെന്ന് ഉറപ്പിക്കാനുമാവൂ.
നഷ്ടമായത്
32
വർഷത്തെ ചിഹ്നം