കോട്ടയം: ചെറു വാഹനങ്ങൾക്ക് അപകടഭീഷണിയായി നാഗമ്പടം റെയിൽവെ മേൽപ്പാലത്തിൽ സാങ്കേതിക തകരാർ.

പാലവും അപ്രോച്ച് റോഡും തമ്മിൽ ചേരുന്ന ഭാഗത്തെ അകൽച്ചയാണ് അപകടസാദ്ധ്യത വിളിച്ചുവരുത്തുന്നത്. പാലത്തിന്റെ ഇരുവശത്തെയും റോഡ് 40 മുതൽ 60 മില്ലിമീറ്റർവരെ താഴ്ന്നാണ് നിൽക്കുന്നത്. ഇരുചക്രവാഹനങ്ങൾക്കാണ് ഇത് കൂടുതൽ ഭീഷണിയായിരിക്കുന്നത്. ഇവിടെയെത്തുമ്പോൾ വാഹനങ്ങൾ പെട്ടന്ന് വേഗത കുറയ്ക്കുന്നത് കാരണം എം.സി റോഡിൽ ഗതാഗതകുരുക്കിനും ഇടയാക്കുന്നുണ്ട്. അടുത്തകാലത്താണ് ഇന്ത്യൻ റെയിൽവേയുടെ ചുമതലയിൽ മേൽപ്പാലവും റോഡും നിർമ്മിച്ചത്. അപ്രോച്ച് റോഡ് ചെറിയതോതിൽ ഭൂമിയിലേക്ക് അമരുന്നതുമൂലമുണ്ടാകുന്ന പ്രശ്നമെന്നാണ് വിലയിരുത്തൽ. ഇതോടെ പാലത്തിന്റെ ഒരുവശത്ത് നടപ്പാതയിലും വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. ഇതേക്കുറിച്ച് കെ.എസ്.ടി.പി എക്സിക്യൂട്ടീവ് എൻജിനീയർ റെയിൽവേ അധികൃതർക്ക് കത്ത് അയച്ചെങ്കിലും പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല.

 കത്ത് നൽകി

പ്രശ്നത്തിന്റെ ഗൗരവം സംബന്ധിച്ച് റെയിൽവേ അധികൃതർക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ജില്ല ട്രാൻസ്പോർട്ട് ഓഫീസർ ടോജോ എം. തോമസ് ഇന്നലെ കളക്ടർക്കും കത്ത് നൽകി. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യത ആർ.ടി.ഒയും പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്.