signal-light

കുറവിലങ്ങാട് : എം.സി റോഡിൽ തിരക്കേറിയ വൈക്കം കവലയിലെ സിഗ്നൽലൈറ്റുകൾ കണ്ണടച്ചത് വാഹനയാത്രക്കാരെ ദുരിതത്തിലാക്കുന്നു. വൈക്കം, കല്ലറ, കോട്ടയം, കൂത്താട്ടുകുളം , പാലാ ഭാഗത്ത് നിന്നുമുള്ള ബസുകളും ഭാരവാഹനങ്ങളും ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കാതായതോടെ വാഹനങ്ങൾ തോന്നുംപടിയാണ് കടന്നു പോകുന്നത്. ഇത് അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്.

വൈക്കം ഭാഗത്ത് നിന്നു എത്തുന്ന വാഹനങ്ങൾ പള്ളിക്കവലയിലേക്ക് പേകുന്നതിനായി യു-ടേൺ എടുത്ത് എം. സി റോഡിൽ പ്രവേശിക്കുന്നതും, കുറുപ്പന്തറ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വൈക്കം റോഡിൽ പ്രവേശിക്കുന്നതും ഇവിടെ വച്ചാണ്. ഇത് ഗതാഗതക്കുരുക്കിനും കാരണമാകുന്നു. സീബ്രാലൈനിൽ വാഹനങ്ങൾ വേഗം കുറയ്ക്കാത്തതും, ഫുട്പാത്തുകളിൽ പാർക്ക് ചെയ്യുന്നതും നിത്യസംഭവമാണ്. വിദ്യാർത്ഥികളുൾപ്പെടെ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്.

" ട്രാഫിക് സിഗ്നൽ പ്രവർത്തിക്കാത്തതിനാൽ വാഹനങ്ങളുടെ സഞ്ചാരം തോന്നുംപടിയാണ്. ഇത് കാൽനടയാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നതിനൊപ്പം അപകടഭീഷണിയും ഏറുകയാണ്.

അഭിനേഷ് , സ്വകാര്യ സ്ഥാപന ജീവനക്കാരൻ