കോട്ടയം: പത്രികാസമർപ്പണം പൂർത്തിയായതോടെ പാലാ മണ്ഡലം പൂർണമായും തിരഞ്ഞെടുപ്പ് ചൂടിലമർന്നു. കൺവെൻഷനുകൾ സംഘടിപ്പിച്ചും ദേവാലയങ്ങൾ സന്ദർശിച്ചും ആളുകളെ നേരിൽക്കണ്ടും പരമാവധി വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാർത്ഥികൾ.
യുവാക്കൾക്കൊപ്പം കാപ്പൻ
കലാലയങ്ങൾ സന്ദർശിച്ച് യുവാക്കളുടെ വോട്ട് തേടാനാണ് മാണി സി. കാപ്പൻ ഇന്നലെ സമയം മാറ്റിവച്ചത്. രാവിലെ അൽഫോൻസാ കോളേജ്, സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാർത്ഥികളെ നേരിൽക്കണ്ട് വോട്ട് തേടി. അൽഫോൺസാ കോളേജിൽ വിദ്യാർത്ഥികൾ സ്വീകരിച്ചു. തുടർന്ന് പ്രിൻസിപ്പൽ സിസ്റ്റർ ജിജിമോളെ കണ്ട് വോട്ടഭ്യർത്ഥിച്ചു. ക്ലാസ് മുറികളിൽ ചെന്നും വോട്ടുറപ്പിച്ചു. കരഘോഷത്തോടെയാണ് വിദ്യാർത്ഥികൾ കാപ്പനെ സ്വീകരിച്ചത്.
ഒരു ക്ലാസ്സിൽ എത്തിയപ്പോൾ പാലാ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ കൂടിയായ ഫാ. ജോയൽ പണ്ടാരപ്പറമ്പിൽ പഠിപ്പിക്കുന്നു. കലാകാരൻ കൂടിയായ സ്ഥാനാർത്ഥിയെ വിദ്യാർത്ഥികൾക്ക് ഫാ. ജോയൽ പരിചയപ്പെടുത്തി. തുടർന്ന് ഓഡിറ്റോറിയത്തിൽ എത്തിയപ്പോൾ വിദ്യാർത്ഥികൾ പരിശീലനം നടത്തുന്നു. കുറച്ചു നേരം അവർക്കൊപ്പം വാദ്യ ഉപകരണങ്ങൾ കൈകാര്യം ചെയ്തു.സെന്റ് തോമസ് കോളേജിലെ വിദ്യാർത്ഥികൾ ഓണാഘോഷത്തിലായിരുന്നു. ആർപ്പ് വിളികളോടെ വിദ്യാർത്ഥികൾ സ്വീകരിച്ചു. ചെണ്ടമേളങ്ങൾക്കും വാദ്യമേളങ്ങൾക്കും ഒപ്പം വിദ്യാർത്ഥികൾ ആർപ്പുവിളിച്ചു സ്ഥാനാർത്ഥിക്കു സ്വീകരണമൊരുക്കി.
വെള്ളാപ്പള്ളിയെ കണ്ട് ഹരി
ദേവാലയങ്ങളിൽ എത്തി പ്രാർത്ഥിച്ചതിന് ശേഷമാണ് ഹരി പത്രികാസമർപ്പണത്തിന് പുറപ്പെട്ടത്. ളാലം ക്ഷേത്രത്തിലും വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടമായ ഭരണങ്ങാനം പള്ളിയിലും പ്രാർത്ഥനാനിരതനായ ഹരി രാവിലെ പതിനൊന്നോടെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ജൻമദിനം ആഘോഷിക്കുന്ന എസ്.എൻ..ഡി..പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വസതിയിലെത്തി പൊന്നാടയണിയിച്ചു.
ആകെ 17 സ്ഥാനാർത്ഥികൾ
പാലായിൽ മത്സരിക്കാൻ പത്രിക സമർപ്പിച്ചത് ആകെ 17പേരാണ്. സൂക്ഷ്മ പരിശോധന കഴിയുമ്പോൾ എത്രപേർ മത്സരരംഗത്തുണ്ടാവുമെന്ന് അറിയാം. ആകെ 28 പത്രികകളാണ് ലഭിച്ചത്. ഇന്നലെ വരണാധികാരിക്ക് നാല് പത്രികകളും ഉപവരണാധികാരിക്ക് 18 പത്രികകളും ലഭിച്ചു.