കോട്ടയം: പുതിയ നിയമം യാത്രക്കാരെ പഠിപ്പിക്കാൻ പൊലീസിന്റെ കുറിപ്പടി..! വമ്പൻ പിഴ വരും മുൻപ് പണി വരും വഴി പറഞ്ഞു മനസിലാക്കാനാണ് വെസ്റ്റ് പൊലീസ് ഇന്നലെ റോഡിലിറങ്ങിയത്. ബോധവത്കരണത്തിന്റെ ആദ്യ ദിനം യാത്രക്കാർക്ക് പൊലീസ് വക നോട്ടീസും നൽകി.

ഇന്നലെ വൈകിട്ട് അഞ്ചു മണി മുതൽ ഗാന്ധിസ്‌ക്വയറിലായിരുന്നു കോട്ടയം വെസ്റ്റ് പൊലീസിന്റെ ബോധവത്കരണ നോട്ടീസ് വിതരണം. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ ഭേദഗതികളും, ഇതിന്റെ പിഴത്തുകയും അടങ്ങുന്നതായിരുന്നു ലഘുലേഖ. വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എം.ജെ അരുൺ, ട്രാഫിക് എസ്.ഐ മനു വി.നായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ലഘുലേഖ വിതരണം.

ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാതെ എത്തിയവർ ആദ്യം പൊലീസിനെ കണ്ട് ഒന്ന് അമ്പരന്നു. റോഡിൽ വാഹനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നതിനാൽ പൊലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപെടാനും സാധിക്കുമായിരുന്നില്ല. ഇതോടെ 'പ്രശ്‌നക്കാരെ' പതിയെ അരികിലേയ്‌ക്ക് മാറ്റി നിർത്തി പൊലീസ് വക ചെറിയ ഒരു ഉപദേശം. ഇത് കൂടാതെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയ ലഘുലേഖയും നൽകി. ഇന്നലെ ഒരു ദിവസം മാത്രമാണ് ഉപദേശം, നാളെ മുതൽ പിഴയും നടപടിയുമുണ്ടാകുമെന്ന സന്ദേശവും പൊലീസ് വാഹനയാത്രക്കാർക്കും, ഡ്രൈവർമാർക്കും കൈമാറി.