കോട്ടയം : ചാമ്പ്യൻസ് ബോട്ട് ലീഗിലെ (സി.ബി.എൽ) രണ്ടാമത്തെ മത്സരം ഉൾപ്പെടെ ഈ ഓണക്കാലത്ത് കോട്ടയത്ത് നടക്കുന്നത് മൂന്ന് ജലോത്സവങ്ങൾ. 7ന് താഴത്തങ്ങാടിയിൽ സി.ബി.എൽ, 12 ന് കവണാറ്റിൻകല ജലോത്സവം, 13ന് കുമരകം കോട്ടത്തോട്ടിൽ ശ്രീനാരായണ ജയന്തി ജലോത്സവം എന്നിവയാണ് കോട്ടയത്തെ വള്ളംകളി പ്രേമികളെ കാത്തിരിക്കുന്നത്.

താഴത്തങ്ങാടിയിൽ

സംസ്ഥാനത്തെ 12 ജലോത്സവങ്ങൾ കോർത്തിണക്കി സംഘടിപ്പിക്കുന്ന ലീഗിലെ 9 ചുണ്ടൻ വള്ളങ്ങളാണ് താഴത്തങ്ങാടിയിൽ മാറ്റുരയ്ക്കുക. താഴത്തങ്ങാടി ജലോത്സവത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് 9 ചുണ്ടൻവള്ളങ്ങൾ പങ്കെടുക്കുന്നത്. മുൻകാലങ്ങളിൽ ഓരോ ഹീറ്റ്സിലും രണ്ട് വള്ളങ്ങളായിരുന്നെങ്കിൽ ഇത്തവണ മൂന്ന് ചുണ്ടൻ വള്ളങ്ങൾ വീതമാണ് മത്സരിക്കുന്നത്. വൈകിട്ട് 4 ന് ഹീറ്റസ് മത്സരങ്ങൾ ആരംഭിക്കും. ലീഗിലെ 12 മത്സരങ്ങളും പൂർത്തിയാകുമ്പോൾ പോയിന്റ് നിലയിൽ മുന്നിൽ എത്തുന്ന ടീമാണ് കിരീടം സ്വന്തമാക്കുക.

കവണാറ്റിൻകരയിൽ

ശ്രീനാരായണ ബോട്ട് ക്ലബിന്റെ ആഭിമുഖ്യത്തിൽ കവണാറ്റിൻകരയിൽ 12 ന് നടക്കുന്ന ജലമേളയിൽ ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 30 കളിയോടങ്ങൾ പങ്കെടുക്കും. പങ്കെടുക്കുന്ന വള്ളങ്ങളുടെ രജിസ്ട്രേഷൻ 8 ന് വൈകിട്ട് 5 ന് സമാപിക്കും. മന്ത്രി പി.തിലോത്തമൻ ജലോത്സവം ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം കെ.സുരേഷ് കുറുപ്പ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.

ശ്രീനാരായണ ജയന്തി ജലോത്സവം

ശ്രീനാരായണ ഗുരുദേവൻ 1903 ൽ കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്താനെത്തിയതിന്റെ സ്മരണപുതുക്കലാണ് കോട്ടത്തോട്ടിൽ എല്ലാവർഷവും ചിങ്ങമാസത്തിലെ ചതയം നാളിൽ നടക്കുന്ന ജലമേള. കുമരകം മേഖലയിലെ നാല് എസ്.എൻ.ഡി.പി യോഗം ശാഖകളുടെ സംയുക്താഭിമുഖ്യത്തിലാണ് ജലോത്സവം സംഘടിപ്പിക്കുന്നത്. ഇരുട്ടുകുത്തി, വെപ്പ്, ചുരുളൻ വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

ചാമ്പ്യൻസ് ലീഗിൽ

ഒന്നാം സമ്മാനം 25 ലക്ഷം രൂപ

രണ്ടാം സമ്മാനം 15 ലക്ഷം

മൂന്നാം സമ്മാനം 10 ലക്ഷം