k

ഉദയനാപുരം: പ്രളയത്തിൽ ഉദയനാപുരം മുങ്ങിയപ്പോൾ സംസ്ഥാനത്തെ രണ്ടാമത്തെ മികച്ച ക്ഷീരോത്പാദക സംഘമായിരുന്ന ഉദയനാപുരം വല്ലകം ക്ഷീരോത്പാദക സഹകരണസംഘത്തിന്റെ പ്രവർത്തനവും പ്രതിസന്ധിയിലായി. പ്രതിദിനം മൂവായിരത്തിലധികം ലിറ്റർ പാൽ സംഭരിച്ചു വന്ന സംഘത്തിലിപ്പോൾ 1200 ലിറ്റർ പാലാണ് സംഭരിക്കാൻ കഴിയുന്നത്. ഉദയനാപുരത്ത് ക്ഷീര വികസന വകുപ്പ് ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കിയപ്പോൾ പദ്ധതിയുടെവിജയത്തിനായി നിലകൊണ്ട വല്ലകം ക്ഷീരോത്പാദക സംഘത്തിനും മികച്ച നേട്ടമുണ്ടായി. 2017-18 സാമ്പത്തിക വർഷം മികച്ച പ്രവർത്തനം കാഴ്ചവച്ച സംസ്ഥാനത്തെ രണ്ടാമത്തെ ക്ഷീരസംഘമായി മാറിയ വല്ലകം കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ പാൽ സംഭരിക്കുന്ന സഹകരണ സ്ഥാപനമായി മാറിയിരുന്നു. രണ്ടു വർഷം തുടർച്ചയായി ഉണ്ടായ പ്രളയം ഉദയനാപുരത്തെ നിർദ്ധന ക്ഷീര കർഷകരുടെ ജീവിതത്തെയും സംഘത്തിന്റെ പ്രവർത്തത്തെയും പ്രതിസന്ധിയിലാക്കി. ദിവസങ്ങളോളം പ്രദേശം വെള്ളത്തിൽ മുങ്ങിയതോടെ പുല്ലു ചീഞ്ഞഴുകി നശിച്ചു. വൻ വില നൽകി വാങ്ങി തൊഴുത്തിനോടു ചേർത്ത് സൂക്ഷിച്ചിരുന്ന വയ്‌ക്കോലും വെള്ളത്തിൽ മുങ്ങി ഉപയോഗശൂന്യമായി. കാലി തീറ്റയുടെ വില വർദ്ധനവും കന്നുകാലികളുടെ ചികിത്സാ ചെലവും അനുദിനം വർദ്ധിച്ചതോടെ കന്നുകാലി വളർത്തൽ ലാഭകരമല്ലാതായി. ക്ഷീരമേഖലയിൽ നിന്നു കർഷകർ കൊഴിഞ്ഞു പോകുന്നതും ക്ഷീര സംഘങ്ങൾക്ക് തിരിച്ചടിയായി.വല്ലകം ക്ഷീരോത്പാദക സംഘത്തിൽ സജീവമായി 250ലധികം ക്ഷീരകർഷകർ ഉണ്ടായിരുന്ന സ്ഥാനത്തിപ്പോൾ 150ലധികം പേർ മാത്രമാണ് പാലളക്കുന്നത്. ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കിയ പഞ്ചായത്തിൽ കന്നുകാലികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ മുഴുവൻ സമയം ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന കർഷകരുടെ ആവശ്യം നടപ്പാകാത്തതിനാൽ രാത്രി കാലങ്ങളിൽ കന്നുകാലികൾക്കുണ്ടാകുന്ന അസുഖങ്ങൾ ഭേദമാക്കാൻ ദൂരെ നിന്നു ഡോക്ടർമാരെ കൊണ്ടുവരേണ്ട സ്ഥിതിയാണുള്ളത്. ക്ഷീരമേഖലയിലെ കടുത്ത പ്രതിസന്ധി പരിഹരിക്കാൻ ക്ഷീരവികസന വകുപ്പു അനുഭാവപൂർവം നടപടി സ്വീകരിക്കണമെന്ന് ക്ഷീര കർഷകരും ക്ഷീരോത്പാദക സഹകരസംഘം ഭാരവാഹികളും ആവശ്യപ്പെട്ടു.

 രണ്ടു വർഷം തുടർച്ചയായി ഉണ്ടായ പ്രളയം ഉദയനാപുരത്തെ നിർദ്ധന ക്ഷീര കർഷകരുടെ ജീവിതത്തെയും സംഘത്തിന്റെ പ്രവർത്തത്തെയും പ്രതിസന്ധിയിലാക്കി -- എം.ആർ.മോഹൻദാസ് (ക്ഷീര സംഘം പ്രസിഡന്റ്), സി.കെ.സനിൽ (സെക്രട്ടറി )