കാഞ്ഞിരപ്പള്ളി : വാർഷിക പദ്ധതി വിനിയോഗത്തിൽ സംസ്ഥാനത്ത് 152 ബ്ലോക്ക് പഞ്ചായത്തുകളിൽ ഒന്നാംറാങ്കുമായി കാഞ്ഞിരപ്പള്ളി. 4 കോടി രൂപയാണ് വിവിധ പദ്ധതികൾക്കായി ചെലവഴിച്ചത്. പ്രളയവും, പ്രകൃതിക്ഷോഭവും അതിജീവിച്ചാണ് ഈ നേട്ടം കരസ്ഥമാക്കിയത്. ലൈഫ് ഭവന നിർമ്മാണ പദ്ധതിയിക്ക് ഒരു കോടി 63 ലക്ഷം രൂപ കൂടാതെ ഭിന്നശേഷി സ്‌കോളർഷിപ്പ് 15 ലക്ഷം രൂപ, പാലിയേറ്റീവ് 12 ലക്ഷം രൂപ, ക്ഷീരകർഷകർക്ക് പാലിന് സബ്‌സിഡി 14 ലക്ഷം രൂപ, എയ്ഡഡ് സ്‌കൂളുകൾക്ക് നാപ്കിൻ വെന്റിംഗ് മെഷീൻ & ഡൈജസ്റ്റർ 10 ലക്ഷം രൂപ, വിവിധ ഡിവിഷനുകളിലെ റോഡ് കോൺക്രീറ്റിംഗ്, മണ്ണ് സംരക്ഷണം, കുടിവെള്ളം തുടങ്ങിയ വികസന പ്രവർത്തനങ്ങൾക്ക് ഒരു കോടി 86 ലക്ഷം രൂപയും ചെലവഴിച്ചു. ജില്ലയിലെ മൂന്നാമത്തെ ഐ.എസ്.ഒ ബ്ലോക്കും സംസ്ഥാനത്തെ രണ്ടാമത്തെ ജനസൗഹൃദ ഓഫീസും, ഒന്നാമത്തെ ബാലസൗഹൃദ ഓഫീസും കാഞ്ഞിരപ്പള്ളിയാണ്. പദ്ധതികൾ നടപ്പിലാക്കാൻ സഹകരിച്ച പാറത്തോട്, മുണ്ടക്കയം, കോരുത്തോട്, കൂട്ടിക്കൽ, എരുമേലി, കാഞ്ഞിരപ്പള്ളി, മണിമല പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, അംഗങ്ങൾ, സെക്രട്ടറിമാർ, പ്ലാൻ ക്ലാർക്കുമാർ എന്നിവരെ ഭരണസമിതി അഭിനന്ദിച്ചു.