കോട്ടയം: മണർകാട് എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള റാസ പ്രമാണിച്ച് നാളെ കോട്ടയത്ത് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. കോട്ടയം ഭാഗത്തുനിന്ന് കെ.കെ. റോഡ് വഴി കുമളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കെ.കെ. റോഡ് വഴി നേരെ പോകണം. കോട്ടയം ഭാഗത്തുനിന്ന് പാലാ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വടവാതൂർ മിൽമാ ജംഗ്ഷനിൽനിന്ന് തേമ്പ്രാൽക്കടവ് റോഡ് വഴി മോസ്‌കോ ജംഗ്ഷനിൽ എത്തി തിരുവഞ്ചൂർ കുരിശുപള്ളി ജങ്ഷനിൽ എത്തി അയർക്കുന്നം വഴി പോകണം. കുമളി ഭാഗത്തുനിന്ന് കെ.കെ. റോഡ് വഴി കോട്ടയത്തിനും പുതുപ്പള്ളിക്കും പോകുന്ന വാഹനങ്ങൾ എരുമപ്പെട്ടി ജങ്ഷനിൽനിന്ന് തലപ്പാടി വഴി മാധവൻപടി ഭാഗത്തേക്കും പുതുപ്പള്ളി ഭാഗത്തേക്കും പ്രവേശിച്ച് പോകണം. പാമ്പാടി ഭാഗത്തുനിന്നു പാലാ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഇളപ്പുങ്കൽ ജംഗ്ഷനിൽ എത്തി പഴയ കെ.കെ. റോഡിൽ പ്രവേശിച്ച് കിഴക്കേടത്ത് പടി വഴി കാവുംപടിയിൽ എത്തി പാലാ ഭാഗത്തേക്ക് പോകണം. തിരുവഞ്ചൂർ ഭാഗത്തുനിന്ന് കോട്ടയം ഭാഗത്തേക്ക് തിരുവഞ്ചൂർ കുരിശുപള്ളി ജംഗ്ഷനിൽ എത്തി മോസ്‌കോ, ഇറഞ്ഞാൽ വഴി കഞ്ഞിക്കുഴിയിൽ എത്തി കെ.കെ. റോഡിൽ പ്രവേശിച്ച് പോകണം. തിരുവഞ്ചൂർ ഭാഗത്തുനിന്ന് കെ.കെ. റോഡ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അമയ്‌നൂർ എത്തി ഒറവയ്ക്കൽ അരീപ്പറമ്പ് അമ്പലം ജങ്ഷൻ വഴി ഏഴാംമൈൽ ഭാഗത്തേക്കോ മാലം പാലം ജംഗ്ഷനിൽനിന്ന് തിരിഞ്ഞ് അണ്ണാടിവയൽ ഭാഗത്തേക്കോ പോകണം. പാലാ ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ ഒറവയ്ക്കൽ ജംഗ്ഷനിൽനിന്ന് തിരിഞ്ഞ് ഏഴാം മൈൽ / എട്ടാം മൈൽ വഴിയോ കെ.കെ.റോഡിൽ പ്രവേശിക്കണം. പാലാ ഭാഗത്തുനിന്ന് വരുന്ന ചെറിയ വാഹനങ്ങൾ ഒറവയ്ക്കൽ / മാലം പാലം ജംങ്ഷൻ വഴി തിരിഞ്ഞ് അണ്ണാടിവയൽ / ഏഴാം മൈൽ വഴി പാമ്പാടി റോഡിൽ പ്രവേശിക്കണം.