കോട്ടയം: സമയവും വേഗതയും വിജയികളെ നിർണ്ണയിക്കുന്ന പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗിലെ രണ്ടാമത്തെ മത്സരപോരാട്ടത്തിനായി താഴത്തങ്ങാടി ഒരുങ്ങിക്കഴിഞ്ഞു. നാളെയാണ് വള്ളംകളി. കോട്ടയം വെസ്റ്റ് ക്ലബ്ബാണ് നേതൃത്വം നൽകുന്നത്. സംസ്ഥാനത്തെ 12 ജലോത്സവങ്ങൾ കോർത്തിണക്കി സംഘടിപ്പിക്കുന്ന ലീഗിൽ ഒൻപത് ചുണ്ടൻ വള്ളങ്ങളാണ് മീനച്ചിലാറ്റിൽ പോരിനിറങ്ങുക. ഓരോമത്സരത്തിനും ഒന്നാംസ്ഥാനം നേടുന്ന വള്ളത്തിന് 10 പോയിന്റും രണ്ടാം സ്ഥാനത്തിന് എട്ട് പോയിന്റും മൂന്നുമുതൽ ഒൻപത് വരെ സ്ഥാനങ്ങളിൽ എത്തുന്നവർക്ക് യഥാക്രമം ഏഴ് പോയിന്റ് മുതൽ ഒരു പോയിന്റു വരെയാണ് ലഭിക്കുക. ഇതിനുപുറമെ മത്സരത്തിൽ ഏറ്റവും മികച്ച സമയം കുറിക്കുന്ന വള്ളത്തിന് അഞ്ച് പോയിന്റ് ബോണസുമുണ്ട്. ഓരോ ജലോത്സവത്തിലേയും ഒന്നു മുതൽ മൂന്നുവരെ സ്ഥാനക്കാർക്ക് അഞ്ച് ലക്ഷം , മൂന്ന് ലക്ഷം, ഒരു ലക്ഷം രൂപ എന്ന ക്രമത്തിലാണ് സമ്മാനം. പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും നാലു ലക്ഷം രൂപ വീതം ബോണസുമുണ്ട്. ലീഗിലെ 12 മത്സരങ്ങളും പൂർത്തിയാകുമ്പോൾ പോയിന്റ് നിലയിൽ മുന്നിൽ എത്തുന്ന ടീമാണ് സി.ബി.എൽ കിരീടം സ്വന്തമാക്കുക. 25 ലക്ഷം രൂപയാണ് ജേതാക്കൾക്കുളള സമ്മാനത്തുക. രണ്ടാം സ്ഥാനക്കാർക്ക് 15 ലക്ഷം രൂപയും മൂന്നാംസ്ഥാനക്കാർക്ക് 10 ലക്ഷം രൂപയും ലഭിക്കും. ആലപ്പുഴയിൽ നടന്ന നെഹ്‌റു ട്രോഫി ജലോത്സവത്തോടെ തുടക്കം കുറിച്ച സി.ബി.എൽ നവംബർ 23 ന് കൊല്ലത്ത് പ്രസിഡന്റ് ട്രോഫി ജലോത്സവത്തോടെയാണ് സമാപിക്കുക. താഴത്തങ്ങാടിയിൽ ജലോത്സവത്തിന്റെ ക്രമീകരണങ്ങൾ വിലയിരുത്താൻ മന്ത്രി തോമസ് ഐസകിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം യോഗംചേർന്നിരുന്നു.

കുമരകത്തും

ജലോത്സവം

താഴത്തങ്ങാടി ജലോത്സവത്തിന്റെ ആവേശത്തിന് പുറമേ 116ാമത് ശ്രീനാരായണ ജയന്തി വള്ളംകളിക്ക് കുമരകം കോട്ടത്തോട് 13ന് വേദിയാകും. ഗുരുദേവ ചൈതന്യത്തിന്റെ ഓർമ്മകൾ നിറയുന്ന വള്ളംകളി എല്ലാ വർഷവും ചതയം നാളിലാണ് നടക്കുക. 1903ൽ ശ്രീനാരായണ ഗുരുദേവൻ ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ ബാലസുബ്രഹ്മണ്യന്റെ പ്രതിഷ്ഠ നടത്താൻ കളിവള്ളങ്ങളുടെ അകമ്പടിയോടെ എത്തിയതിന്റെ സ്മരണയിലാണ് വള്ളംകള്ളിയും ഘോഷയാത്രയും സംഘടിപ്പിക്കുന്നത്. ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബാണ് വള്ളംകളിയുടെ സംഘാടകർ. കുമരകം ശ്രീകുമാരമംഗലം ദേവസ്വവും കുമരകത്തെ നാല് എസ്.എൻ.ഡി.പി ശാഖകളുമാണ് ഘോഷയാത്രയ്ക്ക് നേതൃത്വം നൽകുന്നത്. വള്ളംകളിയുടെ രജിസ്ട്രേഷൻ 8 വരെ നടക്കും. വള്ളംകളിയോടനുബന്ധിച്ചുള്ള സമ്മേളനം തോമസ് ചാഴികാടൻ എം.പിയും വള്ളംകളി കെ.സുരേഷ് കുറുപ്പ് എം.എൽ.എയും ഉദ്ഘാടനം ചെയ്യും.