വൈക്കം : ഡിസംബർ 12 മുതൽ 22 വരെ വൈക്കം ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന 37-ാം മത് അഖില ഭാരത ഭാഗവത സത്രത്തിന് മുന്നോടിയായി ടി.വി.പുരം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അവലോകന യോഗം നടന്നു. പത്ത് ലക്ഷത്തിലധികം ഭക്തജനങ്ങൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭക്തജനങ്ങളുടെ വാഹന ഗതാഗത, പാർക്കിംഗ് സൗകര്യങ്ങൾ ക്രമീകരിക്കുന്നതിനായി പൊലീസിന്റെയും, യാത്രാസൗകര്യത്തിനായി കെ.എസ്.ആർ.ടി.സിയുടെയും സേവനം ഉറപ്പ് വരുത്തും. സത്രം നടക്കുന്ന ദിവസങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ ടീമിനെ നിയോഗിക്കുന്നതിനും ക്ലോറിനേഷൻ, ഭക്ഷ്യപരിശോധന എന്നിവയ്ക്കായി ആരോഗ്യവകുപ്പിന്റേയും, റോഡുകളുടെ അറ്റകുറ്റപ്പണികൾ തീർത്ത്
വൃത്തിയാക്കുന്നതിനായി പി.ഡബ്ല്യു.ഡിയുടേയും, കുടിവെള്ളം ലഭ്യമാക്കുന്നതിനായി വാട്ടർ അതോറിറ്റിയുടെയും, ലഹരിവസ്തുക്കളുടെ ഉപയോഗം തടയുന്നതിനായി എക്‌സൈസ് വകുപ്പിന്റെയും, കുടുംബശ്രീ, സി.ഡി.എസ് എന്നിവരുടേയും റിപ്പോർട്ട് തേടുന്നതിനും അടുത്ത യോഗത്തിൽ ചർച്ച ചെയ്യുന്നതിനും തീരുമാനമെടുത്തു. പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് സെബാസ്റ്റ്യൻ ആന്റണി അദ്ധ്യക്ഷത വഹിച്ചു. സത്ര നിർവഹണ സമിതി വർക്കിംഗ് ചെയർമാൻ ബി.അനിൽകുമാർ, ജനറൽ കൺവീനർ രാഗേഷ് ടി.നായർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന മോഹൻ, കെ.പി. ജിനീഷ് കുമാർ, കെ.കെ. രമേശൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, കുടുംബശ്രീ, സി.ഡി.എസ്. ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.