വൈക്കം: ഓംചേരി നാടകങ്ങൾ ഇന്ത്യൻ സാമൂഹിക വ്യവസ്ഥയിൽ ഗുണപരമായ മാറ്റത്തിന് വിത്തു പാകിയെന്നും കലാതിവർത്തിയായ പ്രമേയം കൊണ്ട് ഓംചേരി കൃതികൾ സാമൂഹിക ജീവിതത്തിനെന്നും മുതൽ കൂട്ടാണെന്നും പ്രൊഫ. എം കെ സാനു. വൈക്കം ശ്രീ മഹാദേവ കോളേജിൽ ആരംഭിച്ച 'ഓംചേരി എൻ എൻ പിള്ള ചെയറിന്റെ' ഔപചാരികമായ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ശ്രീ മഹാദേവ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ സൊസൈറ്റി, ഓം ഫൗണ്ടേഷൻ, കോളേജ് യൂണിയൻ, ആർട്‌സ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വിഖ്യാത നാടകാചാര്യനും കോളേജ് മാനേജിംഗ് കമ്മിറ്റി രക്ഷാധികാരിയുമായ പ്രൊഫ: ഓംചേരി എൻ എൻ പിള്ളയുടെ പേരിൽ ' ഓംചേരി ചെയർ' സ്ഥാപിച്ചിരിക്കുന്നത്. നാടകത്തെയും അനുബന്ധ കലകളേയും പ്രോത്സാഹിപ്പിക്കുകയെന്നതാണ് ചെയറിന്റെ മുഖ്യ ലക്ഷ്യമെന്ന് ഡയറക്ടർ പി ജി എം നായർ കാരിക്കോട് അറിയിച്ചു. സാഹിത്യകാരനും ഭാരത സർക്കാർ പെട്രോളിയം മന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ ഓഫ് ഹൈഡ്രോ കാർബൺസുമായ വി പി ജോയ് എെഎഎസ് മുഖ്യാതിഥിയായിരുന്നു. കേരള സർവ്വകലാശാല സെന്റർ ഫോർ പെർഫോമിംഗ് ആന്റ് വിഷ്വൽ ആർട്‌സ് വിഭാഗം മേധാവി ഡോ: രാജാവാര്യർ ഓംചേരിയുടെ നാടക പ്രപഞ്ചം എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തി. സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ രത്‌നശ്രീ അയ്യരെയും കേരള ടീച്ചർ എലിജിബിലിറ്റി പ്രവേശന പരീക്ഷയിൽ വിജയം നേടിയ അധ്യാപക പരിശീലകരെയും ചടങ്ങിൽ അനുമോദിച്ചു. മാനേജിംഗ് കമ്മിറ്റി ചെയർമാൻ ടി ആർ എസ് മേനോൻ അധ്യക്ഷത വഹിച്ചു. , പ്രൊഫ: ലീന നായർ, അഡ്വ: അംബരീഷ് ജി വാസു, ഒ. മോഹനകുമാരി, ബി മായ , എം കെ ഷിബു കലാദർപ്പണം രവീന്ദ്രനാഥ് ,സൈഫുദ്ദീൻ, ഇ വി വരദരാജൻ, പി കെ നിതിയ, ആദർശ് എം നായർ, സൗരഭ് സത്യൻ ,കെ കെ ബേബി തുടങ്ങിയവർ പ്രസംഗിച്ചു. ഓംചേരി രചിച്ച ' നല്ലവനായ ഗോഡ്‌സെ ' എന്ന നാടകം അവതരിപ്പിച്ചു.