kerala-congress-m

കോട്ടയം : പാലാ ഉപതിരഞ്ഞെടുപ്പിൽ രണ്ടില ഇല്ലാതെ ജോസ് ടോം യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം നഷ്ടമായ വാർത്ത പുറത്തു വരുമ്പോഴായിരുന്നു പാലായിൽ യു.ഡി.എഫ് കൺവെൻഷനിൽ പ്രസംഗിക്കാൻ ജോസഫ് എത്തിയത്.

ജോസ് വിഭാഗം കൂകി വിളിച്ചായിരുന്നു ജോസഫിനോടുള്ള എതിർപ്പ് പ്രകടിപ്പിച്ചത്. രണ്ടില ചിഹ്നം സ്ഥാനാർത്ഥിക്കില്ലെന്ന് മനസിലായതോടെ വിമതനായി അവസാന നിമിഷം പത്രിക നൽകിയ ജോസഫ് വിഭാഗം നേതാവ് ജോസഫ് കണ്ടത്തിൽ പത്രിക പിൻവലിക്കുകയും ചെയ്തു. ജോസിനെ ചെയർമാനായി തിരഞ്ഞെടുത്തത് സ്റ്റേ ചെയ്ത ഇടുക്കി മുൻസിഫ് കോടതിയുടെ വിധി അംഗീകരിച്ചതോടെയാണ് പത്രിക തള്ളാൻ റിട്ടേണിംഗ് ഓഫീസർ തീരുമാനിച്ചത്. ജോസഫ് വിഭാഗത്തിന്റെ വാദങ്ങൾ അംഗീകരിച്ച കളക്ടർ പി.കെ. സുധീർ ബാബു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ടിക്കാറാം മീണയുമായി പലവട്ടം ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷമായിരുന്നു വരണാധികാരി കേരളകോൺഗ്രസ് സ്ഥാനാർത്ഥിയായി ജോസ് ടോം നൽകിയ പത്രിക തള്ളിയതും സ്വതന്ത്രനായി നൽകിയ പത്രിക സ്വീകരിച്ചതും. പൈനാപ്പിൾ, ആട്ടോറിക്ഷ, ഫുട്ബാൾ എന്നീ ചിഹ്നങ്ങളാണ് ജോസ് ടോം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിലൊന്ന് പത്രിക പിൻവലിക്കുന്ന 7ന് ശേഷം നൽകും. എന്തായാലും ഇതോടെ കേരളകോൺഗ്രസിലെ പിളർപ്പ് ഇന്നല്ലെങ്കിൽ നാളെ യാഥാർത്ഥ്യമാകുമെന്ന് ഉറപ്പായിരിക്കുകയാണ്. കോൺഗ്രസിലെ ഒരു വിഭാഗം പിന്തുണയ്ക്കുന്നതിനാൽ യു.ഡി.എഫിൽ തന്നെ ജോസഫ് ഉറച്ചു നിൽക്കും. ജോസ് വിഭാഗം യു.ഡി.എഫ് വിടുമോ എന്നാണറിയേണ്ടത്.


.