ചങ്ങനാശേരി : നഗരത്തിൽ മൂന്ന് സ്റ്റാൻഡുകളിലും ബസുകൾ കയറി ഇറങ്ങുന്നത് തോന്നുപോലെയെന്ന് യാത്രക്കാരുടെ പരാതി.
ഗതാഗത നിയമങ്ങളെ നോക്കുകുത്തിയാക്കിയാണ് മൂന്ന് ബസ് സ്റ്റാൻഡുകളിലും ബസുകൾ കയറിയിറങ്ങുന്നതെന്നാണ് ആക്ഷേപം. അതുകൊണ്ട് തന്നെ ഗതാഗതക്കുരുക്കും അപകടങ്ങളും നഗരത്തിൽ വർദ്ധിക്കുന്നു.

ചങ്ങനാശേരിയിലെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്കു ബസുകൾ കയറുന്നതിനും ഇറങ്ങുന്നതിനും യാതൊരു നിയന്ത്രണവുമില്ല. കോട്ടയം, തിരുവല്ല ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ ഒരേ സമയം സ്റ്റാൻഡിലേക്കു കയറേണ്ട സാഹചര്യമുണ്ടായാൽ മിനിറ്റുകളോളം ഗതാഗതക്കുരുക്ക് ഉണ്ടാകുന്നു. സ്വകാര്യ ബസുകളും ട്രാൻ ബസുകളും റോഡരികിൽ നിറുത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് പതിവാണെന്നും, അതിനാൽ, സ്റ്റാൻഡിനുള്ളിൽ ബസ് കാത്തു നിൽക്കുന്നവരെ ദുരിതത്തിലാക്കുന്നതായും യാത്രക്കാർ പറയുന്നു.

വാഴൂർ ഒന്നാം നമ്പർ സ്റ്റാൻഡിന്റെ സ്ഥിതിയും ഒട്ടും മോശമല്ല. കിഴക്കൻ മേഖലയിലേക്കും പുതുപ്പള്ളി, മാളികക്കടവ്, കോളനി ഭാഗത്തേക്കുമുള്ള ബസുകളാണ് ഒന്നാം നമ്പർ വാഴൂർ ബസ് സ്റ്റാൻഡിൽ എത്തുന്നത്. സ്റ്റാൻഡിനുള്ളിൽ സ്ഥലം ഉണ്ടെങ്കിലും റോഡിലേക്കു കയറ്റി നിറുത്തിയാണ് ഇവിടെയും ആളുകളെ കയറ്റുന്നത്. വാഴൂർ റോഡ് വീതിക്കുറവുള്ളതിനാൽ റോഡിൽ ബസുകൾ കയറ്റി നിറുത്തുന്നതോടെ ഇവിടെയും ഗതാഗതക്കുരുക്ക് ഉണ്ടാകുന്നു.

പെരുന്ന രണ്ടാം നമ്പർ ബസ് സ്റ്റാൻഡിൽ നിന്ന് ബസുകൾ പുറത്തേക്കിറങ്ങുന്ന ഭാഗത്ത് അപകടങ്ങൾ പതിവാണ്.