binoy

അയ്‌മനം: ഭർത്താവ് ഉപേക്ഷിച്ചു പോയതിനെ തുടർന്ന് തെരുവിൽ ടാർ പോളിൻ വലിച്ചു കെട്ടി താമസിച്ചിരുന്ന നിർദ്ധന കുടുംബത്തിന് സഹായവുമായി നാട്ടുകാർ. സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് തമിഴ്‌നാട്ടിൽ നിന്നെത്തി റോഡ് പുറംപോക്കിൽ താമസിച്ചിരുന്ന കുടുംബത്തിന് വീട് നിർമ്മിച്ചു നൽകിയത്. പതിനഞ്ച് വർഷം മുൻപ് അയ്‌മനത്ത് എത്തി താമസം തുടങ്ങിയ, തമിഴ്‌നാട് സ്വദേശി മുരുകന്റെ കുടുംബത്തിനാണ് നാട്ടുകാർ സഹായം നൽകിയത്. മക്കളെയും കുടുംബത്തെയും ഉപേക്ഷിച്ച് പോയ മുരുകൻ പിന്നീട് മരണപ്പെട്ടതോടെയാണ് കുടുംബം അനാഥമായത്. പുറംപോക്കിൽ പടുത വലിച്ച് കെട്ടി താമസിച്ചിരുന്ന കുടുംബത്തിന് ആദ്യം സഹായവുമായി എത്തിയത് അദ്ധ്യാപകരായിരുന്നു. അഡ്വാൻസ് തുകയും വാടകയും നൽകിയ അദ്ധ്യാപകർ കുട്ടികളെയും കുടുംബത്തെയും സമീപത്തെ വാടക വീട്ടിലേയ്‌ക്ക് മാറ്റി താമസിപ്പിച്ചു. തുടർന്ന് ഇവർ വാടക വീട്ടിൽ നിന്നും മാറേണ്ട സാഹചര്യമുണ്ടായപ്പോൾ നാട്ടുകാർ ഇടപെടുകയായിരുന്നു. പഞ്ചായത്തംഗം മിനി മനോജും, സി.പി.ഐ ലോക്കൽ കമ്മിറ്റിയും പ്രശ്‌നത്തിൽ ഇടപെടുകയും പരിഹാര മാർഗങ്ങൾ ആലോചിക്കുകയുമായിരുന്നു. ഇതിനിടെ പ്രദേശ വാസിയായ പൊന്നാറ്റ് ജേക്കബ് കുട്ടി എന്നയാൾ മൂന്ന് സെന്റ് സ്ഥലം വിട്ടു നൽകാൻ തയ്യാറായി. ഇത് അനുസരിച്ച് സി.പി.ഐ ലോക്കൽ കമ്മിറ്റി അമേരിക്കയിലെ ചാരിറ്രബിൾ ട്രസ്റ്റായ കെയർ ആൻഡ് ഷെയറുമായി ബന്ധപ്പെടുകയായിരുന്നു. ഈ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഡയറക്‌ടറുമായി ബന്ധപ്പെട്ട സി.പി.ഐ ലോക്കൽ കമ്മിറ്റി വീട് നിർമ്മിച്ച് നൽകാമെന്ന ഉറപ്പ് നേടി. തുടർന്ന് വീട് നിർമ്മാണം അതിവേഗം ആരംഭിക്കുകയായിരുന്നു. നാലു മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കിയ വീട് കഴിഞ്ഞ ദിവസം കുടുംബത്തിന് കൈമാറി.

വീട് കൈമാറുന്നതിന്റെ ഭാഗമായി നടന്ന യോഗം സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്‌തു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.വി.ബി ബിനു, ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ, നാട്ടുകാർ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.