കോട്ടയം: രാവിലെ മുതൽ വൈകിട്ട് വരെ നടന്ന നാടകീയ രംഗങ്ങൾക്കൊടുവിലാണ് ജോസ് ടോമിന്റെ പാർട്ടി സ്ഥാനാർത്ഥിയായുള്ള പത്രിക തള്ളിയത്. സൂഷ്മപരിശോധനാ ഹാളിൽ ജോസ് -ജോസഫ് വിഭാഗം അഭിഭാഷകർ തമ്മിൽ ശക്തമായ വാദങ്ങൾ നടന്നു. വരണാധികാരിയായ ഡെപ്യൂട്ടി കളക്ടർ എസ്.ശിവപ്രസാദ് കുഴങ്ങിയതോടെ തീരുമാനമെടുക്കാൻ കളക്ടറെ സമീപിക്കുകയായിരുന്നു.
മൂന്ന് സെറ്റ് പത്രികകളായിരുന്നു ടോം ജോസ് നൽകിയിരുന്നത്. ഒന്ന് കേരളാകോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥി എന്ന നിലയിലും മറ്റ് രണ്ടെണ്ണം സ്വതന്ത്ര സ്ഥാനാർത്ഥിയായും. പരിഗണിച്ചപ്പോൾ തന്നെ പാർട്ടി പത്രിക തള്ളണമെന്ന വാദവുമായി ജോസഫ് വിഭാഗം രംഗത്തെത്തി. ജോസ് ടോം കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയല്ലെന്ന് ജോസഫിന്റെ അഭിഭാഷകനും പത്രിക സാധുവാണെന്ന് ജോസ് വിഭാഗം അഭിഭാഷകനും വാദിച്ചു. ഇതിനിടെ ജോസ് ടോം സ്വതന്ത്ര സ്ഥാനാർത്ഥിയായി നൽകിയ പത്രിക തള്ളണമെന്ന് എൽ.ഡി.എഫിൽ നിന്നുള്ള ഷാജിയും ആവശ്യപ്പെട്ടു. പത്രികയിൽ പതിന്നാല് കോളങ്ങൾ പൂരിപ്പിച്ചില്ലെന്നും മീനച്ചിൽ റബർമാർക്കറ്റിംഗ് സൊസെെറ്റി അഴിമതിയുമായി ബന്ധപ്പെട്ട കാര്യം ചേർത്തില്ലെന്നുമായിരുന്നു ഷാജിയുടെ വാദം. വാദങ്ങൾ നീണ്ടതോടെ ബി.ജെ.പി സ്ഥാനാർത്ഥിക്ക് വേണ്ടി ഹാജരായ ആഡ്വ.ജെ.ആർ. പത്മകുമാർ രംഗത്തെത്തി. തർക്കമുള്ള പത്രിക മാറ്റിവച്ച് മറ്റ് പത്രികകൾ പരിഗണിക്കണമെന്ന ആവശ്യം അംഗീകരിച്ചെങ്കിലും ഉച്ചയ്ക്ക് ശേഷവും വാദങ്ങൾ നീണ്ടു. തുടർന്നാണ് അന്തിമ തീരുമാനത്തിനായി മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. വൈകിട്ട് അഞ്ചോടെ ജോസഫിന്റെ വാദങ്ങൾ അംഗീകരിക്കപ്പെടുകയായിരുന്നു.
വാദങ്ങൾ ഇങ്ങനെ
ജോസഫ് വിഭാഗം
* ഫോം എയിൽ ഒപ്പിട്ട പ്രിൻസ് ലൂക്കോസും ബിയിൽ ഒപ്പിട്ട സ്റ്റീഫൻ ജോർജും പാർട്ടി അംഗങ്ങളല്ല
* പാർട്ടിയുടെ യഥാർത്ഥ സീൽ വച്ച് ഒരു സ്ഥാനാർത്ഥിക്കും ജോസഫ് ചിഹ്നം നൽകിയിട്ടില്ല
*പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി വിളിക്കണമെന്ന് ആവശ്യപ്പെട്ട് ജോസഫിന് സ്റ്റീഫൻ ജോർജ് കത്ത് നൽകിയിട്ടുണ്ട്
* ചെയർമാന്റെ അഭാവത്തിൽ സ്റ്റിയറിംഗ് കമ്മിറ്റി വിളിക്കാൻ വർക്കിംഗ് ചെയർമാനാണ് അധികാരമെന്ന് തെളിയിക്കുന്നതാണ് കത്ത്
ജോസ് വിഭാഗം
* പത്രികയിൽ ചെയർമാൻ ചിഹ്നം കൊടുക്കണമെന്ന് പാർട്ടി ഭരണഘടന പറയുന്നില്ല
*അംഗങ്ങളെ സസ്പെൻഡ് ചെയ്യാൻ വർക്കിംഗ് ചെയർമാന് അധികാരമില്ല.
* പാർട്ടി ഭാരണഘടനയുടെ ആർട്ടിക്കിൾ 29 അനുസരിച്ച് സ്റ്റിയറിംഗ് കമ്മിറ്റിക്കാണ് അധികാരം
* സ്റ്റീഫൻ ജോർജിനെ ഓഫീസ് സെക്രട്ടറിയാക്കിയത് സ്റ്റിയറിംഗ് കമ്മിറ്റിയാണ്. അതുകൊണ്ട് സ്റ്റീഫൻ ജോർജിന്റെ ഒപ്പ് സാധുവാണ്