കോട്ടയം:ക്വാറികൾ അനുവദിക്കുന്നതിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഓഫീസുകളിലും വിവിധ ക്വാറികളിലും വിജിലൻസിന്റെ മിന്നൽ പരിശോധന. വിജിലൻസ് കിഴക്കൻ മേഖല പൊലീസ് സൂപ്രണ്ട് വി. ജി. വിനോദ്കുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 11 മുതൽ കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിവിധ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ ഓഫീസുകളിലും, വിവിധ ക്വാറികളിലുമായിരുന്നു പരിശോധന. ഇടുക്കിയിലെ ഒരു ക്വാറിയിൽ അനുവദിച്ചതിനേക്കാൾ അധികം മൈനിംഗ് നടത്തിയതായും ആലപ്പുഴയിൽ ക്യാഷ് ബുക്കിൽ ക്രമക്കേടുകളുള്ളതായും കണ്ടെത്തി. വിജിലൻസ് ഡിവൈ.എസ്. പി. മാരായ എൻ. രാജൻ, എം. കെ. മനോജ്, ഇൻസ്‌പെക്ടർമാരായ റിജോ പി. ജോസഫ്, രാജൻ കെ. അരമന, നിഷാദ്.മോൻ ജെർലിൻ വി. സ്‌കറിയ, ടിപ്‌സൺ തോമസ് മേക്കാടൻ, ഷനിൽ കുമാർ, കെ. വി. ബെന്നി തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.