കോട്ടയം: എട്ടിന്റെ പണി നൽകി പി.ജെ.ജോസഫ്. കേരളകോൺഗ്രസ് ജോസ് വിഭാഗം സ്ഥാനാർത്ഥി ടോംജോസ് സ്വപ്നം കണ്ട രണ്ടില ചിഹ്നം വെട്ടിയതോടെ കേരളകോൺഗ്രസ് എമ്മിലെ പിളർപ്പ് പൂർണമായി . പാർട്ടി ചിഹ്നവും കീറിയ രണ്ടിലയായി.
ജോസഫിന്റെ പൂഴിക്കടകനിൽ മലർന്നു വീണ ജോസ് ടോം. യു.ഡി.എഫ് സ്വതന്ത്രൻ എന്ന സ്ഥാനം പോലും ലഭിക്കാതെ വെറും സ്വതന്ത്രനായി മത്സരിക്കേണ്ട ഗതികേടിലാണ് . കൈതച്ചക്ക, ഫുട്ബോൾ, സൈക്കിൾ എന്നീ സ്വതന്ത്ര ചിഹ്നങ്ങളിലൊന്നിനായി പത്രിക പിൻവലിക്കേണ്ട അവസാന ദിവസമായ നാളെ വരെ ഇനി കാത്തിരിക്കണം. കേരളകോൺഗ്രസ് അതികായന്റെ മണ്ഡലത്തിൽ മരണ ശേഷം കേരളകോൺഗ്രസിന് ഒരു സ്ഥാനാർത്ഥിയില്ലാത്തതും ചിഹ്നമില്ലാത്തതും സ്വതന്ത്രനായി മത്സരിക്കേണ്ടി വരുന്നതും ഇതാദ്യമാണ്.
ഇന്നലെ വൈകിട്ട് പാലായിൽ നടന്ന യു.ഡി.എഫ് നിയോജക മണ്ഡലം കൺവെൻഷനിൽ സ്ഥാനാർത്ഥിയുടെ ചിഹ്നമേതെന്ന് പറയാൻ കഴിയാത്ത ഗതികേടുണ്ടായി . ഏഴിന് ശേഷമേ ചുവരെഴുത്തിലും ബോർഡിലുമെല്ലാം ഇനിചിഹ്നം വരക്കാൻ കഴിയൂ എന്നത് പ്രചാരണത്തിലും യു.ഡി.എഫിന് ക്ഷീണമാകും.
1987 മുതൽ കെ.എം.മാണി മത്സരിച്ചു ജയിച്ച രണ്ടില ചിഹ്നമില്ലാതെ പാലായിൽ ആദ്യമായാണ് 32 വർഷത്തിന് ശേഷം ഒരു കേരളകോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കുന്നത് . മാണിയുടെ മരണ ശേഷം നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കരിങ്ങോഴിക്കൽ കുടുംബത്തിൽ നിന്ന് ഒരു സ്ഥാനാർത്ഥിയില്ലെന്നുമാത്രമല്ല രണ്ടില ചിഹ്നവുമില്ല. മാണിയുടെ പിൻഗാമിയായി പാർട്ടിയിൽ പരമാധികാരത്തോടെ പി.ജെ.ജോസഫ് വരുന്നുവെന്നതും ജോസ് വിഭാഗത്തിൽ അസ്വസ്ഥതയുണ്ടാക്കുന്നു . ഇന്നലെ പാലായിൽ യു.ഡി.എഫ് ഉന്നത നേതാക്കൾ പങ്കെടുത്ത തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പി.ജെ.ജോസഫും എത്തിയിരുന്നു. രണ്ടില ചിഹ്നം ജോസ് ടോമിന് നഷ്ടപ്പെട്ട വാർത്ത ചാനലുകൾ പ്രധാന്യത്തോടെ നൽകുമ്പോഴായിരുന്നു പി.ജെ.ജോസഫ് വേദിയിലേക്ക് കയറിയത്. രണ്ടില ചിഹ്നം നഷ്ടപ്പെടുത്തിയ ജോസഫിനെ കൂക്കുവിളികളോടെയായിരുന്നു ജോസ് വിഭാഗം പ്രവർത്തകർ സ്വീകരിച്ചത്. നിങ്ങളുടെ വികാരം എനിക്ക് മനസിലാകുമെന്ന് പ്രസംഗിച്ച ജോസഫ് വിവാദ പ്രസംഗം നടത്താതെ കെ.എം.മാണിയുടെ മികവ് ഉയർത്തിപ്പിടിച്ചതു വഴി മകന് അതില്ലെന്ന് വരികൾക്കിടയിലൂടെ സൂചിപ്പിക്കുകയായിരുന്നു. ഇടതുമന്ത്രിസഭയിൽ നിന്ന് രാജിവച്ചായിരുന്നു കേരളകോൺഗ്രസ് ഐക്യത്തിനായി മാണിഗ്രൂപ്പിൽ ചേർന്നതെന്ന് പറയാനും ജോസഫ് മറന്നില്ല . ജോസ് കെ. മാണി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ ജോസഫിനെ കൂക്കിവിളിച്ചവർ നീണ്ട കൈയ്യടിയോടെയാണ് സ്വീകരിച്ചത്. വിവാദങ്ങളിൽ തൊടാതെ 54 വർഷം പാലായിലെ ചിഹ്നം മാണി സാറായിരുന്നുവെന്ന് പറഞ്ഞ് ഈ തിരഞ്ഞെടുപ്പിലും അദൃശ്യനായി മത്സരിക്കുന്നത് മാണിയെന്ന സൂചനയാണ് ജോസ് നൽകിയത്. ഇരുവരുടെയും മുഖഭാവവും സംസാരരീതിയും പ്രവർത്തകരുടെ പ്രതികരണവുമെല്ലാം സൂചിപ്പിച്ചത് രണ്ട് നേതാക്കളും പിളർന്നു മാറിയതു പോലായിരുന്നു .