കോട്ടയം: കളക്ടറേറ്റിൽ ഇന്നലെ രാവിലെ മുതൽ നടന്ന നാടകീയ നിമിഷങ്ങൾക്കൊടുവിലാണ് രണ്ടില ജോസ് ടോമിന് നഷ്ടപ്പെടുന്നത്. സ്ഥാനാർത്ഥി നിർണയത്തിലെന്നപോലെ ഒടുക്കംവരെ ചിഹ്നത്തിന്റെ കാര്യത്തിലും സസ്പെൻസ് തുടർന്നു. ഒടുവിൽ പാർട്ടിപത്രിക തള്ളിയതോടെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി ജനവിധി തേടേണ്ടിയും വന്നു. അപ്രതീക്ഷിതമായി ജോസ് ടോമിനെതിരായി സ്ഥാനാർത്ഥിയെ ഇറക്കി ജോസഫ് കളിച്ചപ്പോഴെ ജോസ് വിഭാഗത്തിന് അപകടം മണത്തിരുന്നു. ജോസ് ടോമിന്റെ പാർട്ടി പത്രിക പരിഗണിച്ചപ്പോൾ മുതൽ എതിർപ്പുമായി ജോസഫ് വിഭാഗം രംഗത്തെത്തി. ജോസഫിന്റെ എതിർപ്പുകളെ ഖണ്ഡിക്കാൻ ജോസ് ടോമിന്റെ അഭിഭാഷകൻ ശ്രമിച്ചെങ്കിലും വിലപ്പോയില്ല. ചെയർമാനെ സംബന്ധിച്ചുള്ള ഇടുക്കി മുൻസിഫ് കോടതി സ്റ്റേയും സ്റ്റിയറിംഗ് കമ്മിറ്റി വിളിക്കാൻ ജോസഫിന് നൽകിയ കത്തും ജോസ് വിഭാഗത്തിന് തിരിച്ചടിച്ചു. ഇതിനിടെ എൽ.ഡി.എഫ് പ്രതിനിധിയും ജോസ് ടോമിനെതിരെ രംഗത്തെത്തി. പതിനാല് കോളങ്ങൾ പൂരിപ്പിച്ചില്ലെന്ന് എൽ.ഡി.എഫിൽ നിന്ന് വാദമുയർന്നതോടെ ഒരുനിമിഷം ജോസ് ടോമിന്റെ മുഴുവൻ പത്രികകളും തള്ളുമോയെന്ന ആശങ്കയും ഉടലെടുത്തു.
ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കാൻ ജോസ് വിഭാഗത്തിന് അധികാരമില്ലെന്നും പത്രികയിലെ ഓഫീസ് സീൽ വ്യാജമാണെന്നുമുള്ള വാദങ്ങൾ ജോസഫ് വിഭാഗം നിരത്തി. പത്രികയുടെ കാര്യവും തർക്കത്തിലായി. തർക്കം മുറുകിയതോടെ മറ്റു സഥാനാർത്ഥികൾ ഇടപെട്ടു. തങ്ങൾക്കു പ്രചരണത്തിനുള്ള വിലയേറിയ സമയം നഷ്ടമാകുമെന്നും പരിശോധന വേഗത്തിലാക്കണമെന്നുമായിരുന്നു ആവശ്യം. ഇതോടെ ജോസ് ടോമിന്റെ പത്രികാ പരിശോധന ഉച്ചകഴിഞ്ഞത്തേയ്ക്കു മാറ്റി. ഇതിനിടെ, വിമതന്റെ പത്രിക സ്വീകരിക്കുകയും ചെയ്തു. ഇരുവിഭാഗത്തിന്റെയും വാദങ്ങൾ ഇഴകീറി നോക്കിയാണ് വൈകിട്ട് അഞ്ചോടെ ജോസ് ടോമിന്റെ പാർട്ടി പത്രിക തള്ളുകയും സ്വതന്ത്രനായി നൽകിയ പത്രിക സ്വീകരിക്കുകയും ചെയ്തത്.