പാലാ: യു.ഡി.എഫ് സ്ഥാനാത്ഥിയുടെ വിജയത്തിനായി ഒന്നിച്ചു പ്രവർത്തിക്കുമെന്ന് പാലായിലെ യു.ഡി.എഫ് തിരഞ്ഞെടുപ്പു കൺവെൻഷനിൽ പറഞ്ഞ പി.ജെ.ജോസഫ് പക്ഷെ പാർട്ടി സ്ഥാനാർത്ഥിക്ക് രണ്ടില ചിഹ്നം അനുവദിക്കുന്ന കാര്യം മിണ്ടിയില്ല. യു.ഡി.എഫിന് പാലായിൽ ഒരു സ്ഥാനാർത്ഥി മാത്രമായിരിക്കുമെന്നും പത്രിക നൽകിയിട്ടുള്ള മറ്റ് സ്ഥാനാർത്ഥികളുണ്ടെങ്കിൽ പിൻവലിക്കുന്ന കാര്യം പി.ജെ.ജോസഫ് തന്നെ ഈ യോഗത്തിൽ പ്രഖ്യാപിക്കുമെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചെങ്കിലും അക്കാര്യം ജോസഫ് മിണ്ടിയില്ല. യു.ഡി.എഫ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നു മാത്രമാണ് പറഞ്ഞത്. ജോസ് കെ.മാണി എം.പി.യും സ്ഥാനാർത്ഥി ജോസ് ടോമും വേദിയിലുണ്ടായിരുന്നു. പി.ജെ.ജോസഫിന്റെ നിലപാട് അവർക്കും അനുകൂലമായ നിലപാട് പ്രതീക്ഷിച്ച പാർട്ടി പ്രവർത്തകർക്കും വൻ തിരിച്ചടിയായി. ജോസഫിനെതിരെ സമ്മേളന സദസിൽ നിന്ന് മുദ്രാവാക്യവും പ്രതിഷേധവുമുണ്ടായി. ജനാധിപത്യത്തിൽ ഇതൊക്കെ സ്വാഭാവികമാണെന്നായിരുന്നു ഇതിനോട് പി.ജെ.ജോസഫിന്റെ പ്രതികരണം.
യു.ഡി.എഫ് ഒറ്റക്കെട്ടായി ഈ ഉപതിരഞ്ഞെടുപ്പിനെ നേരിടുമെന്നും കെ.എം.മാണിയുടെ പാരമ്പര്യം ഉയർത്തിപ്പിടിക്കുമെന്നും പ്രഖ്യാപിച്ച യു.ഡി.എഫിലെ പ്രമുഖ നേതാക്കളെയും ജോസഫിന്റെ നിലപാട് അസ്വസ്ഥമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, എം.കെ.മുനീർ, സി.പി. ജോൺ, അനൂപ് ജേക്കബ് തുടങ്ങിയവർ വേദിയിലുണ്ടായിരുന്നു.