പാലാ : യു.ഡി.എഫ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ കേരളാ കോൺഗ്രസ് മുതിർന്ന നേതാവ് പി.ജെ.ജോസഫിന് കൂക്കുവിളിയും ആക്രോശവും. ജോസ് ടോമിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച കൺവൻഷനിൽ രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ,ജോസ് കെ. മാണി തുടങ്ങി യു.ഡി.എഫിന്റെ സംസ്ഥാന നേതാക്കളും എം.എൽ.എമാരും ഉൾപ്പെടെയുള്ളവർ വേദിയിലിരിക്കെയാണ് ജോസഫിന് അപമാനം നേരിടേണ്ടി വന്നത്. പ്രസംഗത്തിനായി ജോസഫ് എഴുന്നേറ്റ് മൈക്കിന് മുന്നിലെത്തിയതോടെയാണ് പ്രവർത്തകർ കൂക്കുവിളിയും ഇറങ്ങിപ്പോടോ തുടങ്ങിയ ആക്രോശങ്ങളുമായി ബഹളം തുടങ്ങിയത്. ഇത് അവസാനിച്ചിട്ടാവാം പ്രസംഗം എന്ന് ജോസഫ് പറഞ്ഞു. ഇതോടെ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ജോസ് കെ. മാണിയും മറ്റ് നേതാക്കളും പ്രവർത്തകരോട് ശാന്തരാകാൻ നിർദ്ദേശിച്ചു. ബഹളം അവസാനിച്ചതോടെ ജോസഫ് പ്രസംഗം ആരംഭിച്ചെങ്കിലും ഇടക്കിടക്ക് കൂക്കുവിളികൾ ഉയർന്നു. താനും കെ.എം. മാണിയും തമ്മിലുണ്ടായിരുന്ന ആത്മബന്ധങ്ങളെക്കുറിച്ച് വാചാലനായ ജോസഫ്, മാണിയുടെ പ്രവർത്തനങ്ങളും ഇടപെടലുകളും യുവതലമുറ മനസിലാക്കണമെന്ന് ഇരുത്തിപറഞ്ഞതും ശ്രദ്ധേയമായി. ഒരു പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ അഭിപ്രായവ്യത്യാസങ്ങൾ സ്വഭാവികമാണെന്നും സമവായത്തിന് ശ്രമിക്കുമെന്നും രമ്യതയിലെത്തുമെന്നും ജോസഫ് പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥിയെ അംഗീകരിക്കുമെന്നും വിജയത്തിനായി പ്രവർത്തിക്കുമെന്നും പറഞ്ഞ അദ്ദേഹം ജോസ് ടോമിന് വേണ്ടി വോട്ടഭ്യർത്ഥിക്കുകയും ആശംസ നേരുകയും ചെയ്തു.