കുമരകം: രണ്ടു വർഷത്തെ കുടുക്കയിലെ സമ്പാദ്യം മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്‌ക്ക് പെൺകുട്ടി കൈമാറി. ശ്രീകുമാരമംഗലം പബ്ലിക്ക് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി വൃന്ദാലക്ഷ്‌മി ഷാജിയാണ് തന്റെ രണ്ടു വർഷത്തെ സമ്പാദ്യമായ കുടുക്കയിലെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്‌ക്ക് കൈമാറിയത്. പ്രിൻസിപ്പൽ വി.കെ ജോർജ് ദുരിതാശ്വാസ നിധിയിലേയ്‌ക്കുള്ള തുക ഏറ്റുവാങ്ങി. പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് തന്നാൽ ആകുന്ന സഹായം ചെയ്യണമെന്ന ലക്ഷ്യത്തോടെയാണ് പെൺകുട്ടി തന്റെ പക്കലുണ്ടായിരുന്ന തുക കൈമാറിയത്. മാതാപിതാക്കളായ വെച്ചൂർ നിയ്യാപ്പറമ്പിൽ ഷാജിയുടെയും, സിന്ധുവിന്റെയും സ്‌കൂളിലെ അദ്ധ്യാപകരുടെയും സാന്നിധ്യത്തിലാണ് പെൺകുട്ടി തുക കൈമാറിയത്. കുടുക്കയിലെ ആകെ സമ്പാദ്യമായ 1590 രൂപയാണ് പ്രിൻസിപ്പലിനെ ഏൽപ്പിച്ചിരിക്കുന്നത്. സെപ്റ്റംബ‌ർ രണ്ടു മുതൽ പിരിഞ്ഞ് കിട്ടിയ 33818 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്‌ക്ക് അടയ്‌ക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.