പാലാ: അദ്ധ്യാപക ശ്രേഷ്ഠർക്ക് അദ്ധ്യാപക ദിനത്തിൽ ആശംസയുമായി ഇടതു മുന്നണി സ്ഥാനാർത്ഥി മാണി സി കാപ്പൻ.
സോഷ്യൽ മീഡിയാ വഴി ഗുരുസ്ഥാനീയർക്ക് ആശംസ നേർന്ന മാണി സി കാപ്പൻ ആശംസകൾ നേരാനും അനുഗ്രഹം തേടാനുമായി അദ്ധ്യാപക ശ്രേഷ്ഠരെ വീടുകളിലെത്തി സന്ദർശിച്ചു.
ആദ്യമെത്തിയത് വിശ്രമജീവിതം നയിക്കുന്ന മഹാത്മാഗാന്ധി സർവ്വകലാശാല പ്രഥമ വൈസ് ചാൻസിലർ ഡോ. എ ടി ദേവസ്യായുടെ വസതിയിലായിരുന്നു. മാണി സി കാപ്പനെ കെട്ടിപ്പുണർന്ന് സ്വാഗതം ചെയ്ത ദേവസ്യാ കാപ്പൻ കുടുംബവുമായുള്ള ദീർഘകാലത്തെ സൗഹൃദം പങ്കുവച്ചു. തുടർന്ന് തലയിൽ കൈവച്ച് വിജയാശംസകൾ നേർന്നു.
പിന്നീട് രാമപുരം സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ നിന്നും റിട്ടയർ ചെയ്ത എം ജെ ബേബി മറ്റത്തിനെ വീട്ടിലെത്തി സന്ദർശിച്ചു. അപ്രതീക്ഷതമായി എത്തിയ അതിഥിയെ കൈ പിടിച്ച് വീട്ടിലേയ്ക്ക് ആനയിച്ചു. സ്‌കൂളിൽ പഠിച്ചിരുന്ന പഴയ കാലത്തെക്കുറിച്ചുള്ള ഓർമ്മകൾ ഇരുവരും പങ്കുവച്ചു. കാപ്പനു വിജയാശംസകൾ നേർന്ന ശേഷം വീട്ടുകാരെ സ്ഥാനാർത്ഥിക്കു പരിചയപ്പെടുത്തി. വീട്ടിൽ തയ്യാറാക്കിയ ഫാഷൻ ഫ്രൂട്ട് ജൂസും കുടിച്ച ശേഷമാണ് കാപ്പനെ യാത്രയാക്കിയത്. ഇതിനു ശേഷം നേരെ ചാവറ പബ്‌ളിക് സ്‌കൂളിലെത്തി ഫാ. മാത്യു കരീത്തറയെ സന്ദർശിച്ചു. അദ്ധ്യാപക ദിന ആശംസകൾ നേർന്ന ശേഷം വോട്ടഭ്യർത്ഥിച്ച ശേഷം വിവിധ കേന്ദ്രങ്ങളിലെ ബൂത്ത് കമ്മിറ്റികളിൽ പങ്കെടുത്തു.